ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും കടത്തിവെട്ടി മുന്നേറുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും യുവാക്കള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജിക്കാന്‍ ടിക് ടോക്കിന് സാധിച്ചു. ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫേസ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ടിക് ടോക്കിനെ മറികടക്കാനുള്ള വഴികണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ടിക് ടോക്കിന് സമാനമായി ‘ഇന്‍സ്റ്റാഗ്രാം റീല്‍സ്’ എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതുവഴി ഉപയോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാന്‍ സാധിക്കും.
ഇതിനായി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല്‍ വിഭാഗം എക്സ്പ്ലോര്‍ ടാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം.
നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഇത് ലഭിക്കും. ടിക് ടോക്കിനെ നേരിടാന്‍ ലാസോ എന്ന പേരില്‍ ഒരു പ്രത്യേകം ആപ്ലിക്കേഷന്‍ പുറത്തിറക്കിയ ഫേസ്ബുക്കിനെ മാതൃകയാക്കുന്നതിന് പകരം, നിലവിലുള്ള ശക്തമായ ഉപഭോക്തൃ അടിത്തറ പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ ആളുകളിലേക്കെത്തിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ തീരുമാനം.
ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ഐക്കണ്‍ തുറന്നാല്‍ ബൂമറാങ്, സൂപ്പര്‍സൂം എന്നീ ക്യാമറ ഓപ്ഷനുകള്‍ക്കൊപ്പമാണ് റീല്‍സ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനാവും. ടിക് ടോക്കിലേതുപോലുള്ള ചില ഫില്‍റ്ററുകളുടേയും ഇഫക്റ്റുകളുടേയും അഭാവം റീല്സിനുണ്ട്.
Discussion about this post