തൃശ്ശൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത്. നമ്മുടെ കലാലയ ജീവിതമാണ്, സ്‌കൂള്‍ ജീവിതമാണ്. ഇതാ ഇവിടെ വനിത-ശിശു വികസന വകുപ്പിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം സോഷ്യല്‍ മീഡിയയില്‍ വൈാറലാകുന്നു. പക്ഷെ ഇത് കേട്ടവര്‍ അല്‍പമൊന്നു കണ്ണുനിറയ്ക്കുന്നതും കാണാം… എന്നാ പിന്നെ ഒന്ന് കേട്ടാലോ..?
കാല്‍നൂറ്റാണ്ടിനിടെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു പഠിച്ചിറങ്ങി ജീവിതം കെട്ടിപ്പടുത്തവരുടെ സംഗമമാണ് വേദി. പലരും വരുന്നു തങ്ങളുടെ ജീവിതം ഇതാണെന്ന് പരിചയപ്പെയുത്തുന്നു. ഒടുക്കം അയാളും എത്തി മൈക്ക് കൈയ്യിലെടുത്തു.
‘കൂടുതലൊന്നും പറയാനില്ല, ഈ മക്കളെങ്കിലും നന്നായിരിക്കട്ടെ…’ നിറമിഴിയോടെ സംസാരം നിര്‍ത്തിയപ്പോള്‍ പുറകില്‍നിന്നു സുഹൃത്തുക്കളുടെ സ്‌നേഹശാസനം: ‘നീ പറഞ്ഞോ അനൂപേ, നമ്മുടെ വേദന എല്ലാവരും കേള്‍ക്കട്ടെ…’ നിങ്ങള്‍ക്ക് നല്ല കുപ്പായവും ഭക്ഷണവും ഉണ്ട്; ഞങ്ങള്‍ക്ക് ഇതൊന്നും ഇല്ലായിരുന്നുവെന്നു പറയുമ്പോള്‍ ശബ്ദമിടറി. .
വിശപ്പിന്റെയും മര്‍ദനത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനകളായിരുന്നു പിന്നീട്…
സ്‌കൂളില്‍ പോകുന്ന സമയം മാത്രമായിരുന്നു ഞങ്ങള്‍ക്കു സ്വാതന്ത്ര്യം. ഇപ്പോള്‍ നിങ്ങളൊക്കെ സ്വര്‍ഗത്തിലാണ്. ഇലക്ട്രിക്കല്‍ ജോലികള്‍ കരാറെടുത്തു നടത്തുന്ന പാലക്കാട് സ്വദേശി സുമേഷ് തുടക്കമിട്ടു ആ പൊള്ളുന്ന കാലത്തിന്റെ എരിയുന്ന ഓര്‍മ്മകള്‍.
ശിക്ഷാനടപടികളുടെ ഭാഗമായി ഞങ്ങള്‍ നട്ടുവളര്‍ത്തിയതാണ് ഈ മരങ്ങള്‍. അതിനു ചുവട്ടില്‍നിന്ന്, അതേ മരത്തിന്റെ വടിവെട്ടി അടിയേറ്റ പാടുകളുണ്ട് ഇപ്പോഴും. വിശപ്പു സഹിക്കാതെ ആരും കാണാതെ രാത്രിയില്‍ തേങ്ങ പൊതിച്ചു തിന്നിട്ടുണ്ട്. ഇവിടുത്തെ ഓരോ മുറിക്കും ഞങ്ങളുടെ വേദനയറിയാം. ഹോമില്‍നിന്നു പുറത്തിറങ്ങിയ ശേഷം സുഖമാണോടാ എന്നന്വേഷിച്ച് ഒരു വിളിപോലും വന്നിട്ടില്ലെന്നും സുമേഷ് പറഞ്ഞു.
മഴപെയ്താല്‍ അസുഖങ്ങള്‍ പതിവായതിനാല്‍ അമ്മയെ കാണാന്‍ തോന്നുമ്പോഴൊക്കെ പത്താംവയസില്‍ പലതവണ ചാടിപ്പോയ കഥയാണു ധനില്‍ പറഞ്ഞത്. വാഴയില്‍ പിടിച്ച്, മതിലിലെ കുപ്പിച്ചില്ലുകൊണ്ടു മുറിഞ്ഞും മരത്തില്‍ ദേഹമുരഞ്ഞും ചോരപ്പാടോടെ വീട്ടിലേക്കോടും. ചുവപ്പും വെളുപ്പുമുള്ള യൂണിഫോം, പറ്റെ വെട്ടിയ മുടി..ഞങ്ങള്‍ക്ക് ആകെ ഉണ്ടായിരുന്ന ‘ഐഡന്റിറ്റി’ ഇതുമാത്രമാണ്. ചലച്ചിത്ര മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്നുവെന്നു പറഞ്ഞാണ് ധനില്‍ കൈയടി വാങ്ങിയത്.
ചിതറിക്കിടക്കുന്നവരെ ഒന്നിപ്പിക്കാനും ജോലിക്കു 5 ശതമാനം സംവരണം ഏര്‍പ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടാകണമെന്നു സമ്മേളനം തീര്‍ച്ചപ്പെടുത്തി. കൃത്യമായ മേല്‍വിലാസമോ, തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തതിന്റെയും സംഗമത്തില്‍ പ്രതീക്ഷിച്ച പലരെയും കാണാത്തതിന്റെയും വിഷമം രഘു മറച്ചുവച്ചില്ല. വനിത ശിശു വികസന വകുപ്പിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം കലക്ടര്‍ ടിവി അനുപമ ഉദ്ഘാടനം ചെയ്തു.
Discussion about this post