ധാക്ക: സമൂഹമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്നതും, നെഞ്ച് പുളക്കുന്നതുമാണ് പത്ത് വയസുകാരനായ ദുലാലിന്റെ ജീവിതവും, ജീവിതത്തില്‍ നിന്ന് നെഞ്ചിലേറ്റിയ വാക്കുകളും. പത്താം വയസില്‍ റെയില്‍വെയില്‍ കൂലിയായി എത്തിയതിനു പിന്നില്‍ ഒരുപാട് മുറിവുകള്‍ ഉണ്ട്. വേദനിപ്പിക്കുന്ന മുറിവുകള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ തന്നെ ദുലാലിന്റെ കണ്ണ് നിറയും. ചെറുപ്രായത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് പിന്നില്‍ തനിയ്ക്ക് ബലമായി നില്‍ക്കാന്‍ അമ്മയില്ല എന്നാണ് ദുലാല്‍ പറയുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ദുലാലിന്റെ ചിത്രങ്ങളാണ്. പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ തോര്‍ത്ത് മുണ്ടും കെട്ടി കണ്ണീര്‍ ഒഴുക്കുന്ന ചിത്രം.
ഏവരുടെയും നെഞ്ചു തുളയ്ക്കുന്ന ചിത്രം പകര്‍ത്തിയത് ജിഎംബി ആകാശ് എന്ന ബംഗ്ലാദേശി ഫോട്ടോഗ്രഫര്‍ ആണ്. ‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ എന്നെ ഇങ്ങനെ ആരും അടിക്കില്ലായിരുന്നു. അമ്മയില്ലെങ്കില്‍ ആരും നിങ്ങളെ സംരക്ഷിക്കില്ല, നിങ്ങളുടെ അച്ഛന്‍ പോലും’ ദുലാിന്റെ ഈ വാക്കുകളാണ് ഏവരുടെയും ഉള്ളം പൊള്ളിക്കുന്നത്. ചെറുപ്രായത്തിലെ ദുരിതം തടയാന്‍ അമ്മ എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങുന്ന മഹാപ്രസ്ഥാനം തന്നെ സാധിക്കുകയുള്ളൂ എന്ന് ദുലാലിന്റെ വാക്കുകളില്‍ നിന്ന് തെളിയുകയാണ്.
ദുലാലിന്റെ വാക്കുകള്‍; ‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ എന്നെ ഇങ്ങനെ ആരും അടിക്കില്ലായിരുന്നു. എന്നെ വേദനിപ്പിക്കാന്‍ അമ്മ ഒരിക്കലും അനുവദിക്കില്ലായിരുന്നു. ഈ സ്റ്റേഷന്റെ വരാന്തയില്‍ ഉറങ്ങാന്‍ എന്നെ വിടില്ലായിരുന്നു. പക്ഷേ എന്റെ അമ്മ ജീവിച്ചിരിപ്പില്ല, കാന്‍സര്‍ വന്നാണ് അമ്മ മരിച്ചത്. അമ്മ മരിച്ച് പത്തു ദിവസങ്ങള്‍ക്കകം അച്ഛന്‍ എനിക്ക് പുതിയ ഒരമ്മയെ കൊണ്ടുവന്നു. പക്ഷേ അവര്‍ എന്നെ ഒരിക്കലും സ്‌നേഹിച്ചില്ല. ഒരു കാരണവുമില്ലാതെ അവര്‍ എന്നെ അടിച്ചിരുന്നു. ഈ അമ്മ വന്ന ശേഷം അച്ഛന്‍ ഒരുപാടു മാറി, ഒരു അപരിചിതനെപ്പോലെയായി. ഒരു കാരണവുമില്ലാതെ പുതിയ അമ്മ എന്നെ അടിക്കുന്നു എന്ന് പറഞ്ഞാല്‍ അച്ഛന്‍ ഒരിക്കലുമതു വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അത്താഴത്തിന് അല്പം ചൂടു ചോറ് ചോദിച്ചതിന് അവര്‍ എന്റെ കാലില്‍ തിളച്ചവെള്ളം കോരിയൊഴിച്ചു. എന്റെ പൊള്ളിക്കുതിര്‍ന്ന കാലു കണ്ടിട്ടും അച്ഛന്‍ അവരോട് ഒന്നും പറഞ്ഞില്ല.
അങ്ങനെ ഒരു ദിവസം വീടു വിട്ട് ഒരു ട്രെയിനില്‍ കയറി ഞാനിവിടെയെത്തി. ഞാനിപ്പോള്‍ ഒരു പോര്‍ട്ടറായി ജോലി ചെയ്യുകയാണ്. ഇന്ന് ഞാനെടുത്ത ചുമട് ഒത്തിരി ഭാരമുള്ളതായിരുന്നു അതെന്റെ തലയില്‍നിന്നു താഴെപ്പോയി. ഞാനത് മനപ്പൂര്‍വം താഴെയിട്ടതല്ലായിരുന്നു. എനിക്കു ബാലന്‍സ് ചെയ്യാന്‍ പറ്റാഞ്ഞിട്ടായിരുന്നു. എന്നിട്ടും അയാളെന്നെ ഒത്തിരി തല്ലി. അവിടെ ഒത്തിരി ആളുകളുണ്ടായിരുന്നു, എന്നിട്ടും ആരും അയാളെ തടഞ്ഞില്ല. ആരും അയാളോട് ഒരു വാക്കുപോലും ചോദിച്ചില്ല. ഞാനൊരു തെരുവുബാലനാണല്ലോ? എന്നെ സംരക്ഷിക്കാന്‍ അമ്മയില്ലല്ലോ. അമ്മയില്ലെങ്കില്‍ ആരും നിങ്ങളെ സംരക്ഷിക്കില്ല, നിങ്ങളുടെ അച്ഛന്‍ പോലും’.