കൊല്‍ക്കത്ത: കാന്‍സറിനെ പല രീതിയില്‍ തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറുന്നവരുണ്ട്. ജീവിതത്തില്‍ ഏറെ പ്രചോദനം പകരുന്നവയാണ് അവരുടെ വിജയ കഥകള്‍.
അത്തരത്തിലുള്ളതാണ് കൊല്‍ക്കത്തയിലെ 17 വയസ്സുകാരി അഞ്ജലി റോയിയുടെ കഥ. ഡാന്‍സിനെ അത്രമേല്‍ സ്നേഹിക്കുന്ന അവള്‍ക്ക് ഒരു കാലില്ല. 11ാമത്തെ വയസ്സില്‍ വില്ലനായെത്തിയ എല്ലിലെ ക്യാന്‍സര്‍ ഇടതുകാല് കവര്‍ന്നെടുത്തു.
എന്നാല്‍, അവളുടെ നിശ്ചയദാര്‍ഢ്യത്തെ അവളില്‍ നിന്ന് മുറിച്ചുമാറ്റാനോ കാര്‍ന്നുതിന്നാനോ ക്യാന്‍സറിനായില്ല. പതറാതെ തന്റെ ഒറ്റക്കാലുമായി അവള് നൃത്തം ചെയ്യുകയാണ്. വേദികളില്‍ നിന്ന് വേദികളിലേക്ക് അവളുടെ ഡാന്‍സ് പടരുമ്പോള്‍ നിറയുന്നത് അഭിമാനം മാത്രം.
കൊല്‍ക്കത്തയില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ശ്രേയാ ഘോഷാലിന്റെ ഡോല്നാ സുന് എന്ന പാട്ടിന് ചുവടുവച്ചതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അര്‍ണബ് ഗുപ്ത എന്നയാള്‍ വീഡിയോ പങ്കുവച്ച് ഇങ്ങനെ കുറിച്ചു; ” നര്ത്തകിയാണമെന്നായിരുന്നു അഞ്ജലിയുടെ ആഗ്രഹം. എന്നാല്‍ ക്യാന്‍സര്‍ കാരണം അവളുടെ ഇടതുകാല് മുറിച്ചുകളയേണ്ടി വന്നു. നര്‍ത്തകി സുധാചന്ദ്രന്റെ അനുഭവ കഥ പറഞ്ഞ് ഡോക്ടര്‍മാരും നഴ്സമാരും അവളെ പ്രചോദിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള് തന്റെ ആഗ്രഹം സാധിച്ചെടുത്തു.
സര്‍ജറിയ്ക്ക് ശേഷം അഞ്ജലിയ്ക്ക് സ്കൂളില്‍ പോയി പഠിക്കാനും ഡാന്‍സ് പഠിക്കാനുമൊക്കെയുള്ള സൗകര്യം മാതാപിതാക്കളായ അമിതും റിതയും ഒരുക്കിക്കൊടുത്തു.