മലയാളിയുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഹൃദയഗീതങ്ങളുടെ കവി അരനൂറ്റാണ്ടിന്റെ നിറവില്‍

kalabhavan mani, death, movies
സപ്തസ്വരവീഥിയിലെ വന്‍ വൃക്ഷമായി കാവ്യലോകത്ത് പൂക്കാലം തീര്‍ത്ത് അമ്പതാണ്ടിന്റെ നിറവില്‍ ശ്രീകുമാരന്‍ തമ്പി. കവി ഹൃദയം കൊണ്ടെഴുതിയ കവിതകള്‍ മലയാളി ഹൃദയത്തിലേറ്റി. മലയാളിയുടെ ഹൃദയത്തില്‍ പാട്ടിന്റെ പാലാഴിതീര്‍ക്കുകയാണ് അഞ്ചുപതിറ്റാണ്ടുകാലമായി ശ്രീകുമാരന്‍ തമ്പി. പ്രണയവും ഫാന്റസിയും യാഥാര്‍ത്ഥ്യവും മനസില്‍ നിറച്ച് ഗാനങ്ങള്‍ അമൃതമഴയായി പൊഴിയുകയാണ്. മലയാളിയുടെ സംസ്‌കാരവും ഗ്രാമീണതയും നിറഞ്ഞുനിന്ന മൂവായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങളുമായി അനുവാചക ഹൃദയങ്ങളെ കീഴടക്കിയ കവി. ഗാനരചയിതാവായും സംവിധായകനായും വിസ്മയങ്ങളൊരുക്കി. വയലാറിനും ഭാസ്‌കരന്‍ മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കിയത് തമ്പിയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വയലാറില്‍ നിന്നും ഭാസ്‌കരന്‍ മാസ്റ്ററില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിന് ഒരു പ്രധാനഘടകം, തന്റെ സ്വദേശമായ ഹരിപ്പാടും അതിന്റെ ചുറ്റുവട്ടങ്ങളും ജന്മദേശത്തോടുള്ള സ്നേഹസാക്ഷ്യങ്ങള്‍ പോലെ നിരവധി ഗാനങ്ങളില്‍ തെളിഞ്ഞു നിറഞ്ഞു നില്‍ക്കുന്നു. മറ്റൊരു ഗാനരചയിതാവിലും കാണാനാവാത്ത ഈ പ്രത്യേകത മലയാളസിനിമാ ഗാനരചയിതാക്കളുടെ മുന്‍ നിരയില്‍ ശ്രീകമാരന്‍ തമ്പിയെ വ്യത്യസ്തനാക്കുന്നു. 1966ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെറിലാന്‍ഡിന്റെ ഉടമ പി സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്കെത്തുന്നത്.'താമരത്തോണിയിലാലോലമാടി....' ആണ് ആദ്യ പാട്ട്. ഒട്ടേറെ സംഗീതജ്ഞര്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണങ്ങള്‍ നല്‍കി. ദക്ഷിണാമൂര്‍ത്തി, എംബി ശ്രീനിവാസന്‍, ദേവരാജന്‍, ജയവിജയന്മാര്‍, എംകെ അര്‍ജുനന്‍ തുടങ്ങിയ മഹാരഥന്‍മാരിലൂടെയൊക്കെ തമ്പിയുടെ ഈരടികള്‍ മലയാളിയുടെ കര്‍ണ്ണവും ഹൃദയവും കീഴടക്കി. അകലെ അകലെ നീലാകാശം..., ഉത്തരാ സ്വയംവരം..., മനസ്സിലുണരൂ..., ഹ്യദയ സരസ്സിലെ..., ദുഃഖമേ നിനക്ക് പുലര്‍ക്കാല വന്ദനം..., ആ നിമിഷത്തിന്റെ..., വാല്ക്കണ്ണെഴുതി വനപുഷ്പം..., .ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍.., ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി..., വൈക്കത്തഷ്ടമി നാളില്‍.., മലയാള ഭാഷതന്‍ മാദക ഭംഗി..., കസ്തൂരി മണക്കുന്നല്ലോ കാറ്റെ..., ഒരു മുഖം മാത്രം.., എത്ര ചിരിച്ചാലും ചിരി തീരുമോ.., ചന്ദ്രികയില്‍ അലിയുന്നു..., മലര്‍ കൊടി പോലെ.., പൂവിളി പൂവിളി പൊന്നോണമായി..., ചന്ദ്രബിംബം നെഞ്ചിലേറ്റും..., സാമ്യമകന്നൊരുദ്യാനമേ.., പാടാത്ത വീണയും പാടും..., കൂത്തമ്പലത്തില്‍ വെച്ചൊ..., ഉണരുമീ ഗാനം, നീലനിശീഥിനീ, ഒരിക്കല്‍ നീ ചിരിച്ചാല്‍, ഹ്യദയം കൊണ്ടെഴുതുന്ന കവിത..., പാടാം നമുക്കു പാടാം..., ചുംബനപ്പൂ കൊണ്ട് മൂടി, ബന്ധുവാര് ശത്രുവാര്.., തുടങ്ങി എത്രയോ ഗാനങ്ങള്‍ മലയാളി കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങള്‍. എട്ടു വര്‍ഷത്തോളം ഗാനരചനാ രംഗത്ത് തന്നെ നിലയുറപ്പിച്ചിരുന്ന തമ്പി 1974 ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ മറ്റു മേഖലകളിലേയ്ക്കും കടന്നു. ഈ ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംവിധാനം എന്നിവകൂടി ഇദ്ദേഹം നിര്‍വഹിച്ചു. ഇതിനെ തുടര്‍ന്ന് ഗാനരചനയില്‍ നിന്നും ഇത്തിരി മാറി നില്‍ക്കേണ്ടി വന്നു. പാട്ടെഴുത്തുകാരനെന്ന കരിയര്‍ ഗ്രാഫിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം താന്‍ തന്നെയാണ് എന്നദ്ദേഹം ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള കാലഘട്ടം തമ്പിയുടെ ബഹുമുഖ പ്രതിഭയുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ അദ്ദേഹം തിളങ്ങി. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തു. എഴുപത്തഞ്ചിലേറെ സിനിമകള്‍ക്കുവെണ്ടി തിരക്കഥയെഴുതി. തോപ്പില്‍ ഭാസിക്കും എസ്എല്‍ പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് തമ്പി. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 1974-ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളതില്‍ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങള്‍ക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സൃഷ്ടികളെ മാറ്റിമറിക്കാന്‍ ശ്രീകുമാരന്‍ തമ്പി ഒരിക്കലും തയ്യാറായില്ല. ഇക്കാരണത്താല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കാനുള്ള ആദ്യ ശ്രമത്തില്‍ അതിലെ സ്ത്രീ കഥാപാത്രത്തെ പുനര്‍വിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയില്‍ മാറ്റമുണ്ടാക്കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം ശ്രീകുമാരന്‍ തമ്പി പാടേ നിരസിച്ചു; അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി ഭാസ്‌കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങള്‍ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിര്‍പ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പി ഇക്കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. 1971ല്‍ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. (വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ 'സുഖമെവിടെ ദു:ഖമെവിടെ' എന്ന ഗാനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്). ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച സംവിധായകനുളള ഫിലിംഫെയര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്തഗാനം എന്ന ചലച്ചിത്രം 1981ലെ ജനപ്രീതിയാര്‍ജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു. കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെഹരിപ്പാട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്. ഹരിപ്പാട്ട് ഗവ. ഗേള്‍സ് സ്‌കൂള്‍, ഗവ. ബോയ്സ് ഹൈസ്‌കൂള്‍, ആലപ്പുഴ സനാതനധര്‍മ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ജോലി രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എംപി മണിയുടെ മകള്‍ രാജേശ്വരിയാണ് ഭാര്യ. കവിത, രാജകുമാരന്‍ രണ്ടുമക്കള്‍. ഹൃദയഗീതങ്ങളുടെ കവിയുടെ തൂലികതുമ്പില്‍ നിന്നും വിരിയട്ടെ...

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)