കൊച്ചി: ഗോകുലം എഫ്സി താരമായ അര്ജുന് ജയരാജ് കേരളാ ബ്ലാസ്റ്റേഴ്സില്‍. മലപ്പുറം സ്വദേശിയാണ് ഇരുപത്തിമൂന്നുകാരനായ അര്ജുന്. കരാറിലേര്‍പ്പെട്ട വിവരം ബ്ലാസ്റ്റേഴ്സ് തന്നെയാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്.
എംഎസ്പി ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് അര്ജുന്. 2012 ല്‍ സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഓള് ഇന്ത്യ ച്യാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കാലിക്കറ്റ് സര്‍വകാലശാല ടീമില്‍ അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഗോകുലം എഫ്സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനമാണ് അര്ജുന് ജയരാജിന് ഗോകുലം കേരള എഫ്സിയിലേക്കു വഴി തുറന്നത്. 2017 ല്‍ ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലത്തിനായി ബൂട്ടുകെട്ടിയാണ് അര്‍ജുന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം.
2017-18, കേരള പ്രീമിയര്‍ ലീഗില്‍ അര്ജുന് തന്റെ ഫുട്ബോള്‍ കഴിവുകളിലൂടെ പ്രശസ്തി നേടി. ഗോകുലം കേരള എഫ്സിക്ക് വേണ്ടി കളിച്ച അര്ജുന് ഫൈനലില്‍ ഒരു ഗോള്‍ നേടുകയും ചെയ്തു. ആ സീസണില്‍ തന്റെ ഗോള്‍ നേട്ടം ഒരു ഗോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് ക്ലബ്ബിന്റെ വിജയത്തിന് കാരണമായി. മിഡ്ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ നിര്‍ണായകമായ പങ്ക് ക്ലബ്ബിന്റെ നാടകീയമായ വഴിത്തിരിവിന് കാരണമായി. തുടര്‍ന്ന്, ഗോകുലം ഐലീഗ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. 2017 ല്‍ അര്ജുന് ഇന്ത്യന്‍ ആരോസിനെതിരെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തി.
‘മികച്ച സാങ്കേതിക കഴിവുകളുള്ള വൈവിധ്യമാര്‍ന്ന കളിക്കാരനാണ് അര്ജുന്. അദ്ദേഹത്തിന് വിംഗ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങള്‍ കളിക്കാന്‍ കഴിയും. ഇടതും വലതും കാലുകള്‍ക്കൊണ്ട് കളിക്കാന്‍ സാധിക്കുന്ന ഒരു മള്‍ട്ടിഫങ്ഷണല്‍ പ്ലേയര്‍ ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. അദ്ദേഹം ടീമിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’, കെബിഎഫ്സി ഹെഡ് കോച്ച് ഈല്‍കോ ഷട്ടോരി പറയുന്നു.
‘ഐഎസ്എല്ലില്‍ കളിക്കുക എന്നത് ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരന്റെയും സ്വപ്നമാണ്. എന്റെ ഹോം ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചത് എന്തുണ്ട്. എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനോട് ഞാന്‍ തീര്‍ച്ചയായും നന്ദിയുള്ളവനാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ ഒത്തുകൂടുന്ന കൊച്ചിയിലെ ആവേശകരമായ ജനക്കൂട്ടത്തിന് മുന്നില്‍ ക്ലബിനായി കളിക്കുവാനും വരാനിരിക്കുന്ന സീസണില്‍ ക്ലബ്ബിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുവാനും ഞാന്‍ കാത്തിരിക്കുകയാണ്. ‘അര്ജുന് ജയരാജ് പറയുന്നു.
Discussion about this post