ന്യൂഡൽഹി: ഇത്തവണത്തെ ഖേൽരത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തതിൽ പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന കിട്ടാതെ പോയത് സർക്കാരിന്റെ നിരുത്തരവാദിത്തം കാരണമാണെന്ന് ഹർഭജൻ പ്രതികരിച്ചു. പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തുകൊണ്ടുള്ള തന്റെ അപേക്ഷ കൃത്യസമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ഹർഭജൻ കുറ്റപ്പെടുത്തി. 2019 മാർച്ച് 20ന് എല്ലാ രേഖകളും സമർപ്പിച്ചതാണെന്നും താരം പറഞ്ഞു.
”എന്തുകൊണ്ട് രേഖകൾ സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാരിലെത്താൻ വൈകിയെന്നുള്ള കാര്യം അറിയേണ്ടതുണ്ട്. ഇത് അന്വേഷിക്കണം. രേഖകൾ സമർപ്പിക്കാൻ താമസം കാണിച്ചതുകൊണ്ടാണ് എനിക്ക് പുരസ്‌കാരം കിട്ടാതെ പോയത്. ഇക്കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. പുരസ്‌കാരങ്ങളൊക്കെയാണ് തുടർന്നും കളിക്കാൻ പ്രചോദനമാകുന്നത്. എനിക്ക് മാത്രമല്ല, വളർന്നുവരുന്ന തലമുറയ്ക്ക് കൂടി ഇത് കായികരംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകും. എന്നാൽ ഇത്തരം ഉത്തരവാദിത്തമില്ലായ്മ കായികതാരങ്ങളെ പിന്നോട്ടടിക്കും.” ഹർഭജൻ പറയുന്നതിങ്ങനെ.
Discussion about this post