കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലേയും തോല്‍വി ആരാധകരെ അതിശയിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ കളിയില്‍ നിരാശനായി മുന്‍ ഇന്ത്യന്‍ നായകന്‍ ഐഎം വിജയന്‍ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം മനോരമയിലെഴുതിയ കോളത്തില്‍ പറയുന്നതിങ്ങനെ:
‘ഐഎസ്എല്‍ അഞ്ചാം പതിപ്പിലെ നൂറാം ഗോളിന്റെ അവകാശികളെന്ന തിളങ്ങുന്ന നേട്ടം സ്വന്തമാക്കിയതിനു ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനങ്ങള്‍. വേറൊന്നും പറയാനില്ല. പറയാന്‍ മാത്രമൊന്നും ബ്ലാസ്റ്റേഴ്‌സ് കളത്തിലും കാട്ടിയിട്ടില്ലല്ലോ. എഫ്‌സി ഗോവ ഒന്നാം പകുതിയില്‍ തന്നെ കാര്യങ്ങള്‍ ‘ഫിനിഷ്’ ചെയ്തു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങള്‍ക്ക് അനക്കം വച്ചെങ്കിലും ഗോവന്‍ കരുത്തിനെ വീഴ്ത്താന്‍ അതൊന്നും പോരായിരുന്നു. എത്ര അനായാസമായാണ് ഗോവയുടെ താരങ്ങള്‍ അവസരം മുതലാക്കിയത്.
ഫലം അനുകൂലമെന്ന് ഉറപ്പാക്കിയ ശേഷം ജോഹോയെപ്പോലൊരു നിര്‍ണായകതാരത്തെ പിന്‍വലിക്കാനും ഗോവ ധൈര്യം കാട്ടി. മറുഭാഗത്തു ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഫോര്‍മേഷനില്‍ തന്നെ പിഴച്ചു. അഞ്ചു മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തന്ത്രം പിടികിട്ടുന്നില്ല. ഇതേവരെ ഒരു പ്ലേയിങ് ഇലവനെ കണ്ടെത്താനാകാത്തതു അതിശയം തന്നെ. ഉശിരന്‍ ഫോമിലുള്ള ഗോവന്‍ ആക്രമണത്തെ തടുക്കാന്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം അണിനിരത്തി പ്രതിരോധം ഒരുക്കാനുള്ള കോച്ചിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസിലാകുന്നില്ല.ഇടവേളയില്‍ വരുത്തിയ മാറ്റം തന്നെ തന്ത്രം പാളിയെന്നതിനു തെളിവാണ്. അനാവശ്യമായ ഫോര്‍മേഷന്‍ പരീക്ഷണം ടീമിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണെന്നും പറയാതെ വയ്യ’.
Discussion about this post