കൊച്ചി: സ്വന്തം നാട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി എഫ്‌സി ഗോവ. ഐഎസ്എല്ലില്‍ ഗോവയുടെ ജയം 3-1ന്. കൊറോ (11′), (45+), രണ്ടാം പകുതിയില്‍ ഇറങ്ങിയ മന്‍വീര്‍ സിങ് (67′) എന്നിവര്‍ ഗോവയ്ക്കുവേണ്ടി ഗോളടിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ നിക്കോള കിര്‍ച്മാരെവിച്ചിന്റെ വക (90+).
തുടര്‍ച്ചയായ രണ്ടാം ഹോംമാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം ആരാധകര നിരാശരാക്കി. ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും.
ഫെറാന്‍ കൊറോമിനാസ് എന്ന കൊറോ, ക്യാപ്റ്റന്‍ എഡു ബെഡിയ എന്നിവരുടെ മധ്യനിര ആധിപത്യം ആദ്യപകുതിയില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചകം തകര്‍ത്തു. രണ്ടാം പകുതിയില്‍ എഡു കളത്തിനു പുറത്തേക്കു പോയതോടെ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തില്‍ കുറേയൊക്കെ മേല്‍ക്കോയ്മ നേടിയെങ്കിലും പലനീക്കങ്ങള്‍ക്കും ആസൂത്രണ മികവും മൂര്‍ച്ചയും ഇല്ലാതെ പോയി.
ഗോളാക്കാവുന്ന മൂന്ന് അവസരം ആതിഥേയര്‍ക്കു കിട്ടി. പക്ഷേ പാഴായി. ഇതുവരെ എല്ലാ കളിയിലും ഗോള്‍ വഴങ്ങിയ ഗോവയുടെ പ്രതിരോധം ഇന്നലെയും ഇളകിയാടുകയും ചോര്‍ന്നൊലിക്കുകയും ചെയ്‌തെങ്കിലും അവ മുതലാക്കാനുള്ള മിടുക്ക് ബ്ലാസ്റ്റേഴ്‌സിന് ഇല്ലാതെപോയി. ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായി വിദേശതാരങ്ങളില്ലാതെയാണു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കളത്തില്‍ ഇറങ്ങിയത്. സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയും മധ്യത്തില്‍. മഞ്ഞക്കുപ്പായത്തില്‍ അനസിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലെ. വശങ്ങളില്‍ ലാല്‍റുവാത്താരയും റാകിപ്പും. ആദ്യ 11ല്‍ നാലു വിദേശതാരങ്ങള്‍ മാത്രം. ബെഞ്ചില്‍ വിദേശത്തുനിന്ന് ഒരാള്‍ മാത്രം. സിറില്‍ കാലി.
രണ്ടാം പകുതിയില്‍ റാകിപ്പിനു പകരം കാലി ഇറങ്ങിയെങ്കിലും ആദ്യപകുതി തീരുംമുന്‍പേ സ്റ്റൊയനോവിച്ചിനു പകരം ദുംഗല്‍ ഇറങ്ങിയെന്നതിനാല്‍ അപ്പോഴും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നാലു വിദേശികള്‍ മാത്രം. കോച്ച് ഡേവിഡ് ജയിംസിന്റെ പരീക്ഷണങ്ങള്‍ പാളംതെറ്റുകയാണെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post