ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെ പിണക്കത്തെ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍.
ഇത് ശരിവെക്കുന്ന രീതിയിലാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചില നടപടികള്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്കയെയും രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോഹ്ലിയെ നേരത്തെ തന്നെ രോഹിത് ശര്‍മ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു.
രോഹിത് ശര്‍മ അണ്‍ഫോളോ ബട്ടണ്‍ അമര്‍ത്തിയതിനു പിന്നാലെ അനുഷ്ക ശര്‍മ പങ്കുവെച്ച ഒരു ചിത്രവും ചര്‍ച്ചയായി. ‘A wise man once said nothing. Only truth can shake hands with silence in a mess of false appearances’ എന്നായിരുന്നു അനുഷ്ക പങ്കുവെച്ച ചിത്രത്തിലെ സന്ദേശം.
രോഹിത് ‘അണ്‍ഫോളോ’ ചെയ്തെങ്കിലും കോഹ്ലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ ‘ഫോളോ’ ചെയ്യുന്നുണ്ട്.
അതേസമയം, ടീമില്‍ പടലപ്പിണക്കമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ബോളിംഗ് പരിശീലകന് തള്ളിക്കളഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനും തയ്യാറായിട്ടില്ല.
ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കുമായി പങ്കുവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോഹ്ലിയെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.