ഈ വലിയ വീട് ആരു നോക്കും; കളി മതിയാക്കൂ; ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍

റാഞ്ചി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് പിന്നാലെ നാനാഭാഗത്തു നിന്നും എംഎസ് ധോണി വിരമിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഇതേ ആവശ്യമുയര്‍ത്തി കുടുംബവും രംഗത്ത്. താരം കളി നിര്‍ത്തണമെന്നും വേണ്ട തുടരണമെന്നും സോഷ്യല്‍മീഡിയയില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുകയാണ്. ഇതിനിടെയാണ് കുടുംബത്തിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

ധോണി കളി മതിയാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. മകന്‍ ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാല്‍ അടുത്ത ട്വന്റി-ട്വന്റി ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും ബാനര്‍ജി പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്ന് താന്‍ തിരിച്ചു ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു.

Exit mobile version