മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു പിന്നാലെ പ്രശസ്തരുടെ ലോക ഇലവന്‍ പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ മാതൃകയില്‍ തന്റെ മനസിലെ ഇഷ്ടടീമിനെ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ഇന്ത്യയുടെ മുന്‍ നായകനും ക്യാപ്റ്റന്‍ കൂളെന്ന് വിളിപ്പേരും ലഭിച്ച എംഎസ് ധോണിയെ ഒഴിവാക്കിയാണ് സച്ചിന്റെ ലോക ഇലവനെന്നതും ശ്രദ്ധേയമായി.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ലോക ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ രോഹിത്തും കോഹ്‌ലിയും ടീമിലുണ്ട്. ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂളായ കെയ്ന്‍ വില്യംസണാണ് സച്ചിന്റെ ലോകടീമിനെ നയിക്കുക. രോഹിത്തും ജോണി ബെയര്‍സ്റ്റോയുമായിരിക്കും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ വില്യംസണ്‍ ഇറങ്ങും. നാലാമന്‍ കോഹ്‌ലി. ഓള്‍റൗണ്ടര്‍മാരെന്ന് പേര് കേട്ട ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്‌സ്, പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യ, ജഡേജ തുടങ്ങിയവരുമുണ്ട്.
സ്റ്റാര്‍ക്, ആര്‍ച്ചര്‍, ഭൂമ്ര എന്നിവരാണ് ടീമില്‍ ഇടം നേടിയ മൂന്ന് പേസര്‍മാര്‍. ഐസിസി നേരത്തെ പുറത്ത് വിട്ട ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് രോഹിത്തും ഭൂമ്രയും മാത്രമാണ് ഇടം പിടിച്ചിരുന്നത്.
അതേസമയം, മോശം ഫോമും പ്രായവും വില്ലനാകുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാല്‍ ധോണിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് സച്ചിന്റെ ലോക ഇലവനിലും ധോണി സ്ഥാനം പിടിക്കാതെ പോയിരിക്കുന്നത്.
Discussion about this post