ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിലെ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ കാതലായ അഴിച്ചുപണി. ഹെഡ് കോച്ച് ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ബിസിസിഐ പുതിയ ആളുകളെ ക്ഷണിക്കുന്നു. ലോകകപ്പിന് ശേഷം രവിശാസ്ത്രിയ്ക്കും സഞ്ജയ് ബംഗാറിനും ഭാരത് അരുണിനും ആര് ശ്രീധറിനും ബിസിസിഐ 45 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയിരുന്നെങ്കിലും കാലാവധി അവസാനിക്കുന്നതോടെ പുതിയ സംഘം ദൗത്യമേറ്റെടുക്കും. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പര കഴിയുന്നത് വരെയാണ് രവി ശാസ്ത്രി ഉള്‍പ്പെടുന്ന സംഘത്തിന് കാലാവധി അനുവദിച്ചിരിക്കുന്നത്.
രവിശാസ്ത്രിയ്ക്കും മറ്റു സഹപരിശീലകര്‍ക്കും സ്റ്റാഫിനും ഇനിയും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, ഫിസിയോയായിരുന്ന പാട്രിക് ഫര്‍ഹാര്‍ട്ടും ട്രെയിനറായിരുന്ന ശങ്കര്‍ ബസുവും ടീമില്‍ നിന്നും പോയതിനാല്‍ പുതിയ ആളുകളെ നിയമിക്കേണ്ടി വരും. വിന്‍ഡീസ് പര്യടനത്തിന് ശേഷം സെപ്റ്റംബര്‍ 15ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ഹോം സീസണ് ആരംഭിക്കും.
2017ല്‍ അനില്‍ കുംബ്ലെയുടെ പുറത്താകലിന് ശേഷമാണ് രവിശാസ്ത്രി ഇന്ത്യന്‍ പരിശീലകനായത്. ഒട്ടേറെ നേട്ടം കുംബ്ലെയ്ക്ക് കീഴില്‍ ടീമിന് സ്വന്തമാക്കാനായെങ്കിലും നായകന് വിരാട് കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായി ടെസ്റ്റ് പരമ്പരയും ലോകകപ്പിലെ സെമി പ്രവേശനവും ഒഴിച്ചാല്‍ രവിശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളൊന്നും നേടിയിട്ടില്ല.
Discussion about this post