ലണ്ടന്‍: ആവേശം നിറഞ്ഞുനിന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയര്‍ പുതുലോകചാമ്പ്യന്മാര്. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ വിധിയെഴുതിയ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്പിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി കിവീസിന്റെ വിധി.
ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 241ല്‍ പുറത്തായതോടെയാണ് ഫൈനല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. എന്നാല്‍ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതം നേടി സമനില പാലിച്ചതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന മാനദണ്ഡത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് 22 ബൗണ്ടറികളും രണ്ടു സിക്സും നേടിയപ്പോള്‍ ന്യൂസിലന്‍ഡിന് 10 ബൗണ്ടറികളും രണ്ടു സിക്സും മാത്രമാണ് നേടിയത്.
മൂന്നു ഫൈനലുകളില്‍ തോറ്റ ശേഷമാണ് നാലാം അവസരത്തില്‍ ഇംഗ്ലണ്ട് കന്നി വിശ്വകിരീടം സ്വന്തമാക്കുന്നത്. 1996നു ശേഷമുള്ള പുതുലോകചാമ്പ്യനും ലോകകപ്പ് ചരിത്രത്തിലെ ആറാം കിരീട അവകാശിയുമായി ഇംഗ്ലണ്ട് മാറി. കൂടാതെ, ആതിഥേയര്‍ ലോകകപ്പുയര്‍ത്തുന്നത് ഇതു മൂന്നാം തവണയാണ്. 2011ല്‍ ഇന്ത്യയും 2015ല്‍ ഓസ്ട്രേലിയയും ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിരുന്നു. അതേസമയം, ന്യൂസിലന്‍ഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലില്‍ പരാജയപ്പെടുന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടു ലോകകപ്പ് ഫൈനലുകളില്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമായി കിവീസ് മാറി. നേരത്തെ ഇംഗ്ലണ്ട് (1987, 1992), ശ്രീലങ്ക (2007, 2011) ടീമുകള്‍ തുടര്‍ച്ചയായ രണ്ടു കലാശപ്പോരാട്ടങ്ങളില്‍ തോല്‍വിയറിഞ്ഞിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഹെന്റി നിക്കോള്‍സാണ് (55) കിവീസ് നിരയിലെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടോം ലാഥം 47 റണ്‍സുമായി നിര്‍ണായക പ്രകടനം പുറത്തെടുത്തതോടെ കിവീസ് ഭേദപ്പെട്ട സ്കോറിലെത്തി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ലിയാം പ്ലങ്കറ്റും മൂന്നു വിക്കറ്റ് വീതമെടുത്തു. ഇതിനിടെ, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റനെന്ന ബഹുമതി കെയ്ന്‍ വില്യംസണ് ഈ മത്സരത്തില്‍ ഒരു റണ്‍സ് കൂടി നേടിയതോടെ സ്വന്തമാക്കി.
ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാര്‍ കൂടിയായ ഇംഗ്ലണ്ടിന് ആയാസപ്പെടാതെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമെന്നാണ് കരുതിയത്. എന്നാല്‍ പതിവിനു വിപരീതമായി മുന്‍നിര തകര്‍ന്നതോടെ ഇംഗ്ലീഷ് പട സമ്മര്‍ദത്തിലായി. 23.1 ഓവറില്‍ നാലു വിക്കറ്റിനു 86 റണ്‍സെന്ന നിലയില്‍ പരുങ്ങി. തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും നേടിയ സെഞ്ചുറി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അര്‍ധ സെഞ്ചുറി നേടിയതിന്റെ പിന്നാലെ ബട്ലര് (60 പന്തില്‍ 59) പുറത്തായി. തൊട്ടു പിന്നാലെ വന്ന വോക്സും എളുപ്പം മടങ്ങിയതോടെ മറുവശത്ത് നിന്ന സ്റ്റോക്സിലായി ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. സ്റ്റോക്സ് പൊരുതിക്കളിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി കിവീസും മത്സരത്തില്‍ പിടിമുറുക്കി.
അവസാന ഓവറില്‍ രണ്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 15 റണ്‍സ്. ബോളറെ നേരിട്ട സ്റ്റോക്സ് ആദ്യ രണ്ടു പന്തുകളും പാഴാക്കി. എന്നാല്‍ മൂന്നാം പന്തില്‍ ബോള്‍ട്ടിനെ സിക്സറടിച്ച് പ്രതീക്ഷ നിലനിര്‍ത്തി. നാലാം പന്തില്‍ രണ്ടാം റണ്‍സിനോടിയ സ്റ്റോക്സിനെ പുറത്താക്കാന്‍ ഗപ്റ്റില്‍ എറിഞ്ഞ ത്രോ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതോട ഓവര്ത്രോയിനത്തില് ഇംഗ്ലണ്ടിന് ആറു റണ്‍സ് കിട്ടി. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സെന്ന നിലയിലായി. ബോള്‍ട്ടിന്റെ അഞ്ചാം പന്തില്‍ രണ്ടു റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആദില്‍ റഷീദ് റണ്‍ഔട്ടായി. അവസാന പന്തില്‍ ജിയക്കാന്‍ വേണ്ട രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ക് വുഡും റണൗട്ടായി. ഇതോടെ ഇരുടീമുകളും സമനിലയിലായി. ബെന്‍ സ്റ്റോക്സ് 98 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
Discussion about this post