ബിര്‍മിങ്ഹാം: കങ്കാരുപ്പടയെ 8 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍.1992 ലെ ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അനായാസം കീഴക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂസീലന്‍ഡുമായാണ് ഇംഗ്ലണ്ട് ഏറ്റമുട്ടുക. ഇതോടെ ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനും ഇതുവരെയും ഏകദിന ക്രിക്കറ്റ് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
ബിര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. ആതിഥേയര്‍ക്കായി ജേസണ്‍ റോയ് (85), ബെയര്‍സ്റ്റോ (34), ജോ റൂട്ട് (49), ഓയിന്‍ മോര്ഗന് (45) എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിജയനിമിഷം മോര്‍ഗനും റൂട്ടുമായിരുന്നു ക്രീസില്‍. ഇംഗ്ലണ്ട് നിരയില്‍ വീണ രണ്ടു വിക്കറ്റുകള്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും പങ്കിട്ടു.
നേരത്തെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ മുന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെ (119 പന്തില്‍ 85) പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സ്മിത്തിനു പുറമെ 46 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അലക്സ് കാരി, 22 റണ്‍സെടുത്ത മാക്സ്വെല്, 29 റണ്‍സെടുത്ത സ്റ്റാര്‍ക് എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണര്‍ (9), ഫിഞ്ച് (0), ഹാന്‍ഡ്സ്കോമ്പ് (4), സ്റ്റോയിനിസ് (0), കുമ്മിന്‍സ് (6), ബ്രെഹ്ന്ഡോഫ് (1), ലിയോണ്‍ (പുറത്താകാതെ 5) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ മൂന്നു വീതവും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. ജൂലലൈ 14 ന് ലോഡ്സില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
Discussion about this post