മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോടേറ്റ പരാജയത്തിന് പിന്നാലെ ടീം ഇന്ത്യയ്ക്കും നായകൻ വിരാട് കോഹ്ലിക്കും ഏറെ പഴി കേൾക്കേണ്ടി വന്നത് എംഎസ് ധോണിയുടെ സ്ഥാനത്തെ ചൊല്ലിയായിരുന്നു. എന്തുകൊണ്ടാണ് ധോണിയെ ഏഴാമത് ഇറക്കി മത്സരം കൂടുതൽ സമ്മർദ്ദത്തിലാക്കി എന്നാണ് മുൻതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ ചോദ്യം.
അഞ്ചു റൺസിനിടെ മൂന്നു വിക്കറ്റുപോയി കഷ്ടത്തിലായ ഇന്ത്യ, ശേഷം നാല് വിക്കറ്റിന് 24 റൺസെന്ന നിലയിൽ കൂപ്പുകുത്തിയിട്ടും പരിചയസമ്പത്തും ക്ഷമയുമുള്ള എംഎസ് ധോണിയെ കളത്തിലിറക്കാതെ വലിയ വിമർശനങ്ങളാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ആരാധകർ ഉൾപ്പടെയുള്ളവർ ടീം ഇന്ത്യയുടെ കോച്ച് രവിശാസ്ത്രിക്കും നായകൻ വിരാട് കോഹ്ലിക്കും എതിരെ രംഗത്തെത്തിയിരുന്നു.
ധോണിയെ പ്രതീക്ഷിച്ച അഞ്ചാം സ്ഥാനത്ത് ദിനേശ് കാർത്തികും പിന്നീട് ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇറങ്ങിയത്. ഇത് സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉൾപ്പടെയുള്ള മുതിർന്ന താരങ്ങളുടെ വിമർശനത്തിന് കാരണമായിരുന്നു. തകർച്ച നേരിടുന്ന ഘട്ടത്തിലും ധോണിയെ ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറക്കാത്തതിനെ തന്ത്രപരമായ മണ്ടത്തരമെന്നാണ് മുൻനായകൻ കൂടിയായ സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്.
ഒടുവിൽ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി നായകൻ കോഹ്ലി രംഗത്തെത്തിയിരിക്കുകയാണ്. ഏഴാമനായി ധോണിയെ ഇറക്കാൻ കാരണം, ആദ്യത്തെ ഏതാനും മത്സരങ്ങൾക്കു ശേഷം ധോണിക്ക് ഏൽപ്പിച്ചുകൊടുത്ത റോൾ ഇതായിരുന്നു എന്നാണ് കോഹ്ലിയുടെ മറുപടി. അദ്ദേഹത്തിന് ബാറ്റു ചെയ്യാനും ഒരറ്റത്തു നിന്ന് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കുന്നതിനാലാണ് അങ്ങനെ ചെയ്തത്. അവസാനം ആറോ ഏഴോ ഓവറുകൾ അദ്ദേഹത്തിന് അടിച്ച് കളിക്കാനും സാധിക്കും, കോഹ്ലി തന്റെ പ്രവർത്തി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.