ലണ്ടന്‍: ഐസിസി ഏകദിന ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ. മൂന്ന് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്നത്തെ വിജയി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചെത്തിയ ന്യൂസിലാന്‍ഡിനെ നേരിടും. ഇംഗ്ലണ്ടിനിത് ചരിത്രം തിരുത്താനുള്ള അവസരം കൂടിയാണ്. ക്രിക്കറ്റ് പിറന്ന സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്നും കപ്പ് മറ്റാരും കൊണ്ടുപോവാതിരിക്കാന്‍ ഇംഗ്ലണ്ടിന് ഇന്ന് വിജയിച്ചേ മതിയാകൂ. 27 വര്‍ഷത്തിന് ശേഷം ഒരു ലോകകപ്പ് ഫൈനല്‍ തേടിയാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുക. ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഓസീസും എത്തുമ്പോള്‍ ചിരവൈരികളുടെ പോരാട്ടമാണ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുക.
1992ന് ശേഷം ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. അതേസമയം, 2001ന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ജയിച്ചിട്ടില്ലെന്നതാണ് ഓസ്‌ട്രേലിയയുടെ ചരിത്രം. ഉസ്മാന്‍ ഖവാജയ്ക്ക് പരിക്കേറ്റതോടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്‍ ഇന്ന് ഓസീസ് നിരയില്‍ അരങ്ങേറ്രം നടത്തിയേക്കും. ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്കിലാണ് കംഗാരുപ്പടയുടെ പ്രതീക്ഷ. ബാറ്റിങില്‍ വാര്‍ണര്‍-ഫിഞ്ച് ഓപ്പണിങ് സഖ്യത്തിലും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനോട് തോറ്റ ഇംഗ്ലണ്ട് അവസാന ദിനങ്ങളില്‍ മികവിലേക്ക് തിരിച്ചുവന്നിരുന്നു. ടീമില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് ഒയിന്‍ മോര്‍ഗന്‍. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന അതേ സ്റ്റേഡിയത്തിലാണ് മത്സരമെങ്കിലും വ്യത്യസ്തമായ പിച്ചിലായിരിക്കും ഇന്നത്തെ സെമി പോരാട്ടം.