അംപയർമാരുടെ അശ്രദ്ധ; ധോണി ഔട്ടായത് തെറ്റായ തീരുമാനത്തിൽ; സോഷ്യൽമീഡിയയിൽ വിവാദം കത്തുന്നു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ 18 റൺസിന് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ടീം ഇന്ത്യയും ആരാധകരും. ജഡേജയുടേയും ധോണിയുടേയും ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശ്വാസം പകർന്നത്. എന്നാൽ ജഡേജയ്ക്ക് പിന്നാലെ ധോണിയും ഔട്ടായതോടെ ഇന്ത്യപരാജയം ഉറപ്പിച്ചിരുന്നു. ഇതിനിടെ നിർണായകമായ ധോണിയുടെ വിക്കറ്റ് അംപയർമാരുടെ വീഴ്ചകൊണ്ട് സംഭവിച്ചതാണെന്ന് വിധിയെഴുതികയാണ് സോഷ്യൽമീഡിയ.

ധോണി റണ്ണൗട്ടായ പന്തെറിയുന്നതിന് തൊട്ടു മുമ്പുള്ള പന്തിൽ ന്യൂസിലാൻഡ് ആറ് ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തിയെന്നാണ് പുതിയതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അവസാന പത്തോവർ പവർ പ്ലേയിൽ അഞ്ച് ഫീൽഡർമാരാണ് ബൗണ്ടറി ലൈനിൽ അനുവദനീയമായിട്ടുള്ളത്. എന്നാൽ ന്യൂസിലാൻഡ് ആറ് ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തിയിരുന്നു. ഇത് അംപയർമാർ ശ്രദ്ധിച്ചതുമില്ല. ഇക്കാര്യം കണ്ടിരുന്നെങ്കിൽ ധോണി റണ്ണൗട്ടായ 49-ാം ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഫ്രീ ഹിറ്റായിരുന്നെങ്കിൽ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാകേണ്ടി വരില്ലായിരുന്നു എന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വാദം.

49-ാം ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസനും ട്രെന്റ് ബോൾട്ടും ചേർന്നാണ് അതിന് തൊട്ടു മുമ്പുള്ള പന്തിൽ ഫീൽഡ് സെറ്റ് ചെയ്തതത്. തേർഡ് മാനിലുള്ള ഫീൽഡറെ 30വാര സർക്കിളിനകത്തേക്ക് ഇറക്കി നിർത്താതെ ഫൈൻ ലെഗ് ഫീൽഡറെ ബൗണ്ടറിയിലേക്ക് കയറ്റി നിർത്തിയതോടെയാണ് ആറ് ഫീൽഡർമാർ ബൗണ്ടറി ലൈനിൽ വരാൻ കാരണമായത്. ഇത് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ശ്രദ്ധിച്ചതുമില്ല. ധോണി ഔട്ടായ പന്തിന് തൊട്ടു മുമ്പ് സ്റ്റാർ സ്‌പോർട്‌സ് പുറത്തുവിട്ട ഫീൽഡിങ് പൊസിഷനിന്റെ ഗ്രാഫിക്‌സിലും ഇക്കാര്യം വ്യക്തമാണ്.

ഈ ഗുരുതര പിഴവിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുകയാണ്. ധോണിയുടെ റണ്ണൗട്ടാണ് മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു. ധോണി പുറത്താവുമ്പോൾ ഇന്ത്യക്ക് ഒമ്പത് പന്തിൽ 24 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.

Exit mobile version