മാഞ്ചസ്റ്റർ: ന്യൂസിലാൻഡിനെതിരെ സെമി ഫൈനലിൽ തോൽവിയടഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ നീക്കങ്ങളെ വിമർശിച്ച് മുൻതാരങ്ങൾ. എംഎസ് ധോണിയെ ഏഴാമനായി ഇറക്കിയത് ഇന്ത്യയുടെ ‘തന്ത്രപരമായ മണ്ടത്തരം’ എന്നാണ് ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലിയും മുൻതാരം വിവിഎസ് ലക്ഷ്മണും വിമർശിച്ചത്.
24 റൺസിന് നാലെന്ന ദാരുണ നിലയിൽ നിൽക്കെ ധോണിക്ക് പകരം ഹാർദ്ദിക് പാണ്ഡ്യയെയും ദിനേശ് കാർത്തികിനെയും ഇറക്കിയതിനെയാണ് താരങ്ങൾ വിമർശിച്ചത്. മൂന്നാമതായോ നാലാമതായോ ധോണിയെ ഇറക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞത് ഇന്ത്യയ്ക്ക് റൺ ചേയ്‌സ് ചെയ്യുന്നത് വളരെയേറെ ബുദ്ധിമുട്ടാക്കി. അതാണ് 18 റൺസിന്റെ തോൽവിയിലേക്ക് നയിക്കപ്പെട്ടതെന്നും താരങ്ങൾ വിമർശിക്കുന്നു.
‘ഹാർദ്ദിക് ഇറങ്ങുന്നതിന് മുമ്പ് ധോണിയെ ഇറക്കാമായിരുന്നു. അത് ചെയ്യാതിരുന്നത് തന്ത്രപരമായ മണ്ടത്തരമായി പോയി. അല്ലെങ്കിൽ കാർത്തികിനു മുമ്പ് ഇറക്കാമായിരുന്നു. 2011 ലോകകപ്പിൽ ഇത് നമ്മൾ കണ്ടതാണ്, യുവരാജിന് മുമ്പ് ധോണി സ്വയം നാലാമനായി കളത്തിലിറങ്ങി. അന്ന് ലോകകപ്പ് വിജയിക്കുകയും ചെയ്തു.’- ലക്ഷ്മൺ നിരീക്ഷിക്കുന്നു.
ധോണിയുടെ ബാറ്റിങ് മികവ് മാത്രമല്ല, അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ കാണിക്കുന്ന ശാന്തത മറുവശത്ത് നിൽക്കുന്ന യുവതാരങ്ങളിൽ പ്രതിഫലിക്കുക കൂടി ചെയ്‌തേനെയെന്നാണ് മുൻനായകൻ ഗാംഗുലി നിരീക്ഷിച്ചത്.
റിഷഭ് പന്ത് നിലയുറപ്പിച്ചിരുന്നെങ്കിലും മിച്ചൽ സാന്റ്‌നർക്ക് വിക്കറ്റ് നൽകി പോവുകയായിരുന്നു. പന്തിന്റെ ഔട്ടിന് പിന്നാലെ കോഹ്‌ലി രവിശാസ്ത്രിയോട് ഉപദേശം തേടുന്നതും ഇന്നലെ കാണാനായി.
പിന്നാലെ ദിനേശ് കാർത്തികിനെ ഇറക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. അതേസമയം, കാർത്തികിന് പകരം ധോണിയെയായിരുന്നു ഇറക്കേണ്ടിയിരുന്നത്. അനുഭവ സമ്പത്ത് ആണ് ഇന്ത്യയ്ക്ക് ആ സമയത്ത് ആവശ്യമുണ്ടായിരുന്നത്. ഒരുപക്ഷെ, നേരത്തെ ഇറങ്ങിയ ധോണി പിന്തുണയുമായി മറുവശത്ത് ഉണ്ടായിരുന്നെങ്കിൽ പന്ത് ആ ഷോട്ട് കളിക്കില്ലായിരുന്നു. കാറ്റിനെതിരായ ഉയർന്ന ഷോട്ടാണ് പന്തിന്റെ പുറത്താകലിലേക്ക് നയിച്ചത്. ആ സമയത്ത് ധോണിയുടെ ഉപദേശങ്ങൾ പന്തിനെ തുണച്ചേനെയെന്നും ഗാംഗുലി പറയുന്നു.
ധോണി ഉണ്ടായിരുന്നെങ്കിൽ വിക്കറ്റ് വീഴ്ച കുറയുമായിരുന്നു. ജഡേജ ബാറ്റ് ചെയ്യുമ്പോൾ ധോണി പിന്തുണയ്ക്ക് ഉണ്ടായിരുന്നു. അവരുടെ ആശയവിനിമയമായിരുന്നു ആ കൂട്ടുകെട്ടിന്റെ കരുത്ത്. ധോണിയെ ഒരിക്കലും ഏഴാമനായി ഇറക്കരുതായിരുന്നു എന്നും ഗാംഗുലി ക്രിക്കറ്റ് കമന്ററി ബോക്‌സിലിരിക്കെ പറഞ്ഞു.
ഇതിഹാസ താരം സച്ചിനും ധോണിയെ ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറക്കാതിരുന്നതിനെ വിമർശിച്ചു. നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയെ തുണയ്ക്കുമായിരുന്നു. ഹാർദ്ദികിന് പകരം ധോണിയെ പരിഗണിക്കണമായിരുന്നു. കാർത്തികിനെ അഞ്ചാമനായി ഇറക്കിയതും യോജിച്ച തീരുമാനമായിരുന്നില്ല, സച്ചിൻ പറഞ്ഞു.
ഇന്ത്യൻ സെലക്ടർമാർക്ക് മധ്യനിരയ്ക്ക് യോജിച്ച ഒരു താരത്തെ ഈ ഒന്നരവർഷത്തിനിടയ്ക്ക് കണ്ടെത്താനാകാത്തത് വലിയ വീഴ്ചയാണെന്നും ഗാംഗുലി പറഞ്ഞു.
മധ്യനിര തന്നെയാണ് സെലക്ടർമാരുടെ പരാജയമെന്നും കരുത്തുറ്റ മധ്യനിരയില്ലാതെ എല്ലായ്‌പ്പോഴും രോഹിതിനേയും കോഹ്‌ലിയേയും ആശ്രയിക്കാനാകില്ലെന്നും വിവിഎസ് ലക്ഷ്മൺ വിലയിരുത്തി.
Discussion about this post