മാഞ്ചസ്റ്റര്‍: റണ്‍ മഴ പെയ്യാതെ യഥാര്‍ത്ഥ മഴ പെയ്തിറങ്ങിയ ഇംഗ്ലണ്ടിലെ പിച്ചുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍. മുന്മത്സരങ്ങളില് മിക്കതും മഴ മുടക്കിയിരുന്നെങ്കിലും സെമി ഫൈനലും മഴയില്‍ കുതിര്ന്നതോടെയാണ് മുന്‍താരങ്ങള്‍ ടൂര്‍ണമെന്റിലെ മോശം കാര്യങ്ങള്‍ ഓരോന്നായി എടുത്തുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ പൂര്‍ത്തിയാകേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിഫൈനല്‍ മത്സരവും മഴ മുടക്കിയതോടെ മിക്കവരും പ്രകോപിതരായിരിക്കുകയാണ്. റണ്‍മഴ പെയ്യാത്ത ജീവനില്ലാത്ത പിച്ചുകളില്‍ കളിക്കുന്നത് ക്രിക്കറ്റിന്റെ ആവേശം ചോര്ത്തിക്കളയുന്നുണ്ടെന്നാണ് താരങ്ങളുടെ വിലയിരുത്തല്‍. ഇന്ത്യ- കിവീസ് സെമിയിലും പിച്ചിന്റെ സ്വഭാവം ബാറ്റിങിന് അനുകൂലമായിരുന്നില്ല. ആദ്യ പവര്‍പ്ലേയില്‍ ന്യൂസിലാന്‍ഡ് നേടിയത് വെറും 20ഓളം റണ്‍സ് മാത്രമാണ്. മത്സരത്തിന് മുമ്പ് ബാറ്റിങിന് അനുകൂലമെന്ന് വിലയിരുത്തപ്പെട്ട ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇത്ര കുറഞ്ഞ റണ്‍നിരക്ക് പിറന്നതോടെ വിമര്‍ശനവും ശക്തമായി. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാരുടെ പോരായ്മ മാത്രമല്ല, ഇന്ത്യന്‍ ബൗളര്‍മാരുടെ മികവും നിര്‍ണായകമായി.
അതേസമയം, ‘ദുസഹമായ’ പിച്ച് എന്നാണ് ഓള്‍ഡ് ട്രഫോര്‍ഡിന് മുന്‍ താരങ്ങള്‍ നല്കുന്ന വിശേഷണം. തുടക്കത്തിലെ വിക്കറ്റ് നഷ്ടമായി ക്ഷീണിച്ച കിവീസിന് റണ്‍റേറ്റ് മത്സരത്തിനിടെ ഒരിക്കല്‍ പോലും കാര്യമായി ഉയര്‍ത്താനായിരുന്നില്ല. എന്നാല്‍ ഭൂമ്രയും ഭുവിയും ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ മികവ് മുന്താരങ്ങളാരും എടുത്തുപറഞ്ഞില്ല.
ഇന്നലെ മഴ കളി തടസപ്പെടുത്തിയതിനാല്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. ന്യൂസിലാന്‍ഡ് ബാറ്റിങ് പൂര്‍ത്തിയായാല്‍ മഴ നിയമപ്രകാരം മത്സരം പുനര്നിര്ണയിക്കണോ അതോ 50 ഓവറും ഇന്ത്യ ബാറ്റ് വീശുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകം. അതേസമയം, ഇന്നും മത്സരം മഴ മുടക്കിയാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തുക.
Discussion about this post