മാഞ്ചസ്റ്റര്‍: ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനല്‍ പോരാട്ടത്തില്‍ മുഖാമുഖം കണ്ടുമുട്ടുകയാണ് ഇന്ത്യയും ന്യൂസീലാന്‍ഡും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ എതിരിടാത്ത ഒരേ ഒരു ടീം കൂടിയാണ് ന്യൂസിലാന്‍ഡ്. നോക്കൗട്ട് റൗണ്ടിലെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
അതേസമയം, മഴ ഭീഷണി ഇന്നു നടക്കുന്ന സെമിഫൈനലിനേയും കരിനിഴലിലാക്കുന്നുണ്ട്. മഴമേഘങ്ങളും മഴയും കളിയെ തടസപ്പെടുത്തിയേക്കാം എന്നാണ് ഇന്നത്തെ കാലാവസ്ഥാ പ്രവചനം. എന്നാല്‍, ഇന്നത്തെ മത്സരം മുടങ്ങിയാല്‍ അടുത്ത ദിവസം മത്സരം നടത്തുമെന്ന ഐസിസിയുടെ റിസര്‍വ് ഡേ പോളിസി ആരാധകര്‍ക്ക് ആശ്വാസവും ആവുന്നുണ്ട്. ഇതിനിടെ, ശുഭപ്രതീക്ഷ കൈവിടാതെ ഇരു ടീമുകളും കനത്ത പരിശീലനത്തിലാണ്.
ഇന്നത്തെ സെമി പോരാട്ടം ഇന്ത്യയുടെ ഏഴാമത്തേയും ന്യൂസിലാന്‍ഡിന്റെ എട്ടാമത്തേതുമാണ്. കഴിഞ്ഞ ആറ് ലോകകപ്പ് സെമികളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയേക്കാള്‍ ലോകകപ്പ് സെമി കളിച്ചിട്ടുണ്ടെങ്കിലും ആറ് തവണയും തോല്‍ക്കാനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിധി. ഫൈനലില്‍ കടന്നത് ഒരേയൊരു തവണ മാത്രം. 2015ലെ ആ ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍ക്കാനായിരുന്നു കിവികളുടെ വിധി.
സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായിട്ടാണെങ്കിലും ഇന്ത്യയും കിവീസും ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഒരുപാട് തവണ ഏറ്റുമുട്ടി പരിചയമുള്ളവരാണ്. ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും വിജയം കിവികള്‍ക്കായിരുന്നു. മൂന്ന് തവണ വിജയിക്കാന്‍ നീലപ്പടയ്ക്കും സാധിച്ചിട്ടുണ്ട്. ഓള്‍ഡ്ട്രഫോഡില്‍ വിരാട് കോഹ്ലിയുടെ സംഘത്തിന് കെയ്ന്‍ വില്യംസണേയും കൂട്ടരേയും കെട്ടുകെട്ടിക്കാനാകും എന്നു തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
മുന്‍ലോകകപ്പുകളില്‍ ഇന്ത്യയും ന്യൂസീലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ഫലമിങ്ങനെ:
1975 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനോട് 4 വിക്കറ്റിന് പരാജയപ്പെട്ടു, 1979 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനോട് 8 വിക്കറ്റിന് പരാജയപ്പെട്ടു, 1987 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനെ 16 റണ്‍സിന് പരായപ്പെടുത്തി, 1987 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനെ 9 റണ്‍സിന് പരാജയപ്പെടുത്തി, 1992 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു, 1999 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനോട് 5 വിക്കറ്റിന് പരാജയപ്പെട്ടു, 2003 ലോകകപ്പ്: ഇന്ത്യ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, 2019 ലോകകപ്പ്: ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.
അതേസമയം, സെമിഫൈനലില്‍ പ്രവേശിച്ച ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. 15 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. 14 പോയിന്റുള്ള ഓസ്ട്രേലിയയും 12 പോയിന്റുള്ള ഇംഗ്ലണ്ടും രണ്ടും മൂന്നും സ്ഥാനം ഉറപ്പിച്ചപ്പോള്‍ 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്.
ഇന്ത്യയുടെ ബാറ്റിങും ന്യൂസിലാന്‍ഡിന്റെ ബൗളിങും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയായിരിക്കും ഇന്നത്തെ ഓള്ട്രഫോഡിലെ മത്സരം. ന്യൂസിലാന്‍ഡിന്റെ ഫോമിലുള്ള ഫാസ്റ്റ് ബൗളേഴ്സിനെ നേരിടുന്നതില്‍ ഇന്ത്യയുടെ ലോകോത്തര ബാറ്റ്സ്മാന്മാര്ക്ക് എങ്ങനെ വിജയിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര കരുത്തരാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ 647 റണ്‍സ് കുറിച്ച രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വജ്രായുധം. 360 റണ്‍സുമായി രോഹിതിന്റെ ഓപ്പണിങ് പാട്ണര്‍ കെഎല്‍ രാഹുല്‍ തൊട്ടുപിന്നാലെയുണ്ട്. 442 റണ്‍സെടുത്ത കോഹ്ലിയും ഫോമിലാണ്. മധ്യനിര തിളങ്ങാത്തതാണ് ഇന്ത്യയുടെ വിരഹം.
അതേസമയം, ഇന്ത്യയ്ക്ക് നേരിടാനുള്ളത് കരുത്തുറ്റ കീവീസ് ബൗളിങ് നിരയെയാണ് എന്നതില്‍ സംശയമില്ല. 17 വിക്കറ്റുകള്‍ എറിഞ്ഞിട്ട ലോക്കി ഫെര്‍ഗൂസണും 15 വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടും 10 വിക്കറ്റുമായി മാറ്റ് ഹെന്റിയും തകര്‍ത്തെറിഞ്ഞാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാക്കാന്‍ സാധിച്ചേക്കും. ഒപ്പം 11 വിക്കറ്റ് വീഴ്ത്തിയ കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും അഞ്ച് വിക്കറ്റ് വീഴ്ത്തിയ കോളിന് ഡി ഗ്രാന്റ്ഹോമും ചേര്‍ന്നാല്‍ ന്യൂസിലാന്‍ഡ് സീമര്‍മാരെ ഇന്ത്യ ഭയക്കുക തന്നെ വേണം.
Discussion about this post