സാവോ പൗളോ: ബ്രസീലിനെ ചാമ്പ്യന്മാരാക്കാന് വേണ്ടി അണിയിച്ചൊരുക്കിയതാണ് ഇത്തവണത്തെ കോപ്പ അമേരിക്കയെന്ന് അര്‍ജന്റീനയുടെ ആരോപണം. ഇത്തവണ കോപ്പ അമേരിക്കയില്‍ കാര്യമായി ഒന്നും ചെയ്യാനാകാതെ പുറത്തായ അര്‍ജന്റീന സെമിയില്‍ ബ്രസീലിനോട് തോറ്റ് പുറത്തായിരുന്നു. ഒടുവില്‍ അര്‍ജന്റീന ചിലിയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം നേടിയെങ്കിലും അര്‍ജന്റീന സംതൃപ്തരല്ല. ഇതോടെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ടീം രംഗത്തെത്തിയിരിക്കുകയാണ്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന് വേണ്ടി ആസൂത്രണം ചെയ്തതാണെന്ന കടുത്ത ആരോപണവുമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് രംഗത്തെത്തിയിരിക്കുന്നത്. അര്‍ജന്റീന അര്‍ഹിച്ച വിജയങ്ങള്‍ കരുതിക്കൂട്ടിയുള്ള തെറ്റായ റഫറിയിങ്ങിലൂടെ തട്ടിയെടുത്തതായും മെസി ആരോപിച്ചു.
മൂന്നാം സ്ഥാനത്തിന് വേണ്ടി ചിലിയുമായുള്ള മത്സരത്തില്‍ തനിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് അടക്കം ഈ അനീതിയുടെ ഭാഗമാണ് എന്നും ടൂര്‍ണമെന്റിലെ അഴിമതിയില്‍ പങ്കാളിയാകാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് മെഡല്‍ വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും മെസ്സി പറഞ്ഞു. മുന്‍ മത്സരങ്ങളിലും റഫറിയിങ്ങിനെതിരെ മെസി പരാതി പറഞ്ഞിരുന്നു. ചിലിക്കെതിരായ മത്സരത്തിനുശേഷം മെഡല്‍ വാങ്ങാതെയാണ് മെസി മടങ്ങിയതും.
അതേസമയം, ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യനാകും എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും എല്ലാം അവര്‍ക്ക് വേണ്ടി നേരത്തെ തയ്യാറാക്കി വെച്ചതാണെന്നും മെസി പറഞ്ഞിരുന്നു. പെറു പോരാടിയേക്കാം, എങ്കിലും ജയം നേടുക ബുദ്ധിമുട്ടായിരിക്കും. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളാണ് തനിക്ക് ചുവപ്പ് കാര്‍ഡ് തരാന്‍ അവരെ പ്രേരിപ്പിച്ചത്. ആ ഫൗള്‍ മഞ്ഞകാര്‍ഡ് കാണിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ.- മെസി പറഞ്ഞതായി അര്‍ജന്റീന ഫുട്ബോള്‍ ടീം ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
എന്നാല്‍ മെസിയുടെ ആരോപണങ്ങള്‍ സ്വീകാര്യമല്ലെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ കോണ്‍മെബോള്‍ വ്യക്തമാക്കി. സത്യത്തെ വളച്ചൊടിക്കുന്നതാണ് മെസിയുടെ പ്രസ്താവനകളെന്ന് അവര്‍ ആരോപിച്ചു.
Discussion about this post