ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ വിരമിക്കുന്നു; ഇന്ന് അവസാന മത്സരം

ഞാന്‍ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങുകയാണ്. എന്റെ കരിയറില്‍ ഉടനീളം ഒപ്പം നിന്നവര്‍ക്കു ഞാന്‍ നന്ദി പറയുന്നു.

ന്യൂഡല്‍ഹി: ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഇന്ന് ഇമ്രാന്‍ താഹിറിന്റെ അവസാനത്തെ മത്സരമായിരിക്കും. ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരം തന്റെ കരിയറിലെ അവസാനത്തെ മത്സരമായിരിക്കുമെന്നാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ അറിയിച്ചിരിക്കുന്നത്.

‘ഇതൊരു വികാരഭരിതമായ നിമിഷമാണ്. ഞാന്‍ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങുകയാണ്. എന്റെ കരിയറില്‍ ഉടനീളം ഒപ്പം നിന്നവര്‍ക്കു ഞാന്‍ നന്ദി പറയുന്നു. എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കും നന്ദി.’- അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുമോ എന്ന കാര്യം താഹിര്‍ വ്യക്തമാക്കിയിട്ടില്ല.

2011-ല്‍ തന്റെ 31-ാം വയസ്സിലായിരുന്നു താഹിര്‍ ഏകദിനത്തില്‍ അരങ്ങേറിയത്. ഡല്‍ഹിയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യ പരമ്പരയില്‍ നിന്നും അദ്ദേഹം നാല് വിക്കറ്റുകള്‍ നേടിയിരുന്നു. എട്ടുവര്‍ഷം നീണ്ട കരിയറില്‍ 106 ഏകദിനങ്ങളിലാണ് അദ്ദേഹം കളത്തിലിറങ്ങിയത്. 172 വിക്കറ്റും നേടി. 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായി 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച നേട്ടം. ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ 10 വിക്കറ്റുകളും ഇമ്രാന്‍ നേടിയിട്ടുണ്ട്.

Exit mobile version