ലോകകപ്പ് ഫൈനലോടെ ധോണിയും ജേഴ്‌സി ഊരും; വിരമിക്കാന്‍ ഒരുങ്ങുന്നെന്ന് ബിസിസിഐ

ഫൈനലിലെത്തുകയും വിജയിച്ച് കപ്പടിക്കുകയും ചെയ്താല്‍ ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ബെര്‍മിങ്ഹാം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളായ എംഎസ് ധോണി വിരമിക്കുന്നെന്ന് സൂചന. ബിസിസിഐയിലെ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത സത്യമാണെങ്കില്‍ ഈ ലോകകപ്പ് ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കും. ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍ വിജയിച്ച് ഫൈനലിലെത്തുകയും വിജയിച്ച് കപ്പടിക്കുകയും ചെയ്താല്‍ ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

‘ധോണിയെ പ്രവചിക്കുക അസാധ്യമാണ്. പക്ഷെ ലോകകപ്പിന് ശേഷം അദ്ദേഹം കളിക്കുന്നത് തുടരാനുള്ള സാധ്യത സംശയത്തിലാണ്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം വളരെ അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പ്രവചനാതീതമാണ്.’ മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഇങ്ങനെ.

ഒക്ടോബര്‍ മാസം വരെ തുടരുന്ന ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2020ലെ ട്വന്റി-ട്വന്റി ലോകകപ്പിന് മുന്നോടിയായി മാറിയേക്കും. പുതിയ സെലക്ഷന്‍ കമ്മിറ്റി പുതുമുഖങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ചടീമിനെ ഒരുക്കേണ്ട ചുമതല സെലക്ഷന്‍ കമ്മിറ്റിക്ക് വന്നുചേര്‍ന്നേക്കും. മുതിര്‍ന്ന താരങ്ങളായ ധോണി ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ഥാനം ലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. അതുകൊണ്ടു തന്നെ 2020ന് മുമ്പ് ധോണിയുടെ വിരമിക്കലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ലോകകപ്പില്‍ മികച്ച സ്‌ട്രൈക്ക് റേറ്റും മോശമല്ലാത്ത റണ്‍സും നേടിയിട്ടും ധോണിക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരുകയാണ്. മുതിര്‍ന്ന താരങ്ങളും ആരാധകരും ധോണിയുടെ പ്രകടനം പഴയ ബെസ്റ്റ് ഫിനിഷറെന്ന പേരിനൊത്ത് ഉയരുന്നില്ലെന്ന് വിമര്‍ശിക്കുകയും ചെയ്യുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് ഗാംഗുലിയും സച്ചിനും അടക്കമുള്ള പ്രമുഖതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ധോണി രഹസ്യമായി വിരമിക്കല്‍ തീരുമാനം കൈക്കൊണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, ബിസിസിഐ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

‘ഫീല്‍ഡിങില്‍ ധോണിയുടെ പ്രകടനം വിലമതിക്കാനാകാത്തതാണ്. 2017ലെ ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ വിരമിക്കേണ്ടിയിരുന്ന ധോണിക്ക് ലോകകപ്പ് ലക്ഷ്യം വെച്ച് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാനായി ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ധോണിയുടെ മികച്ചപ്രകടനങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും ഇന്ത്യ സെമിഫൈനലില്‍ എത്തിയിരിക്കുകയാണ്. എങ്കിലും ആര്‍ക്കും ധോണിയോട് വിരമിക്കണമെന്ന് ആവശ്യപ്പെടാനാകില്ല. പക്ഷെ ലോകകപ്പിന് ശേഷം എല്ലാം മാറിമറിഞ്ഞേക്കുമെന്നും കാര്യങ്ങള്‍ പഴയതുപോലെ ആകില്ല’പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ.

ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ഏറ്റവും മോശം വാര്‍ത്തയെന്നാണ് വിരമിക്കല്‍ സൂചനയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

Exit mobile version