ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. എല്ലാവിഭാഗത്തിലുള്ള ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നെന്നാണ് ബാറ്റ്സ്മാനായ അമ്പാട്ടി റായിഡുവിന്റെ പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് തവണ ലോകകപ്പ് സ്ക്വാഡില്‍ നിന്നും അവഗണിക്കപ്പെട്ടതോടെയാണ് താരത്തിന്റെ കടുത്ത തീരുമാനമെന്നാണ് സൂചന. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് സ്ക്വാഡില്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു റായിഡുവിന്റെ പ്രതീക്ഷ. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ സ്ക്വാഡില്‍ താരം ഇടംപിടിച്ചിരുന്നില്ല. നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താരം, എന്നാല്‍ പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തത്. ബൗളിങിലും തിളങ്ങുന്ന വിജയ് ശങ്കര്‍ ഫോമിലല്ലാത്ത റായിഡുവിനേക്കാള്‍ തിളങ്ങുമെന്ന് സെലക്ഷന് കമ്മിറ്റി കണക്കുകൂട്ടുകയായിരുന്നു.
2017ലെ ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നിരവധി താരങ്ങളെ നാലാം നമ്പറിലേക്ക് പരിഗണിച്ചിരുന്നെന്നും എന്നാല്‍ റായിഡുവിന് അവസരങ്ങള്‍ നല്‍കിയിട്ടും തിളങ്ങാനാകാത്തതിനാല്‍ വിജയ് ശങ്കറിനെ പരിഗണിക്കുകയായിരുന്നു എന്നുമാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് അറിയിച്ചിരുന്നത്.
അദേസമയം, പരിക്കേറ്റ് വിജയ് ശങ്കര്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ടീമിന് പുറത്തുപോയിരുന്നു. ഇതോടെ റായിഡുവിന് പ്രതീക്ഷകള്‍ ഉയര്‍ന്നെങ്കിലും റായിഡുവിനെ തടഞ്ഞ് മായങ്ക് അഗര്വാളിനേയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്. വീണ്ടും താന്‍ നേരിട്ട അവഗണനയില്‍ അസ്വസ്ഥനായാണ് അമ്പാട്ടി റായിഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് സൂചന. നേരത്തെ ശിഖര്‍ ധവാന് ടീമില്‍ നിന്നും പുറ്തതുപോയപ്പോള് കെഎല്‍ രാഹുല്‍ ഓപ്പണറായതോടെ ഒഴിവു വന്ന സ്ഥാനത്തേക്ക് റിഷഭ് പന്തിനെയാണ് ടീം തെരഞ്ഞെടുത്തത്. അമ്പാട്ടി റായിഡുവിന്റെ പേര് അപ്പോഴും ഉയര്‍ന്നു കേട്ടിരുന്നില്ല. ഇതും താരത്തിന് തിരിച്ചടിയായിരുന്നു.
2013ല്‍ 28ാം വയസില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ റായിഡു 50 ഏകദിനങ്ങളാണ് ഇതുവരെ കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളും ഉള്‍പ്പടെ 1694 റണ്‍സും നേടി. 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ടോപ് സ്കോര്‍.
Discussion about this post