ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന് സൗരവ് ഗാംഗുലി. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്സ്മാന്മാരായ എംഎസ് ധോണിയും കേദാര്‍ ജാദവും ക്രീസില്‍ കാഴ്ചവെച്ച പതിഞ്ഞ കളിയെയാണ് ഗാംഗുലി വിമര്‍ശിച്ചത്. പാണ്ഡ്യയുടെ അഞ്ചാം വിക്കറ്റിന് ശേഷം ഒരുമിച്ച ധോണി-ജാദവ് കൂട്ടുകെട്ട് വിജയതൃഷ്ണ കാണിച്ചില്ലെന്നാണ് കമന്ററി ബോക്സിലുണ്ടായിരുന്ന സൗരവ് ഗാംഗുലിയും നാസര്‍ ഹുസൈനും വിമര്‍ശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 338എന്ന സ്കോര്‍ കൂറ്റന്‍ സ്കോര്‍ ആണെങ്കിലും ലോകോത്തര ബാറ്റ്സ്മാന്മാരുടെ നിരയുള്ള ഇന്ത്യയ്ക്ക് ഇതൊരു അപ്രാപ്യമായ സ്കോര്‍ ആയിരുന്നില്ല. 31 റണ്‍സിനാണ് ഇന്ത്യ ഒടുവില്‍ ആതിഥേയര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയതും. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും കോഹ്ലിയുടെ പോരാട്ടവും പാഴാക്കുന്ന തരത്തിലാണ് അവസാന ഓവറുകളില്‍ മത്സരം പുരോഗമിച്ചത്.
ഇതോടെയാണ് ആരാധകരും ക്രിക്കറ്റ് ലോകവും മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് നേരെ തിരിഞ്ഞത്. അവസാനം ക്രീസിലുണ്ടായിരുന്ന ധോണി 31 പന്തില്‍ നിന്നും 42 റണ്‍സും ജാദവ് 13 പന്തില്‍ നിന്നും 12 റണ്‍സും മാത്രമാണ് നേടിയത്. പോരാട്ടവീര്യം കാഴ്ചവെയ്ക്കേണ്ട നിര്‍ണ്ണായകമായ സമയത്ത് ഇരു താരങ്ങളും സിംഗിള്‍ മാത്രമെടുത്ത് കളി തുടര്‍ന്നത് ആരാധകരെ വലിയ തോതില്‍ നിരാശരാക്കി.
ഈ അവസാന ഓവറുകളില്‍ ഇന്ത്യയ്ക്ക് ഇതല്ല ആവശ്യമെന്നും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് നാസര്‍ ഹുസൈന് പ്രതികരിച്ചത്. അതേസമയം, ഇക്കാര്യം തനിക്ക് വിശദീകരിക്കാനാകുന്നില്ലെന്നും 5 വിക്കറ്റ് കൈയ്യിലുണ്ടായിട്ടും 38 റണ്‍സ് പിന്തുടരാനാകാത്തത് കളിയോടുള്ള താരങ്ങളുടെ മനോഭാവത്തെയാണ് കാണിക്കുന്നത് എന്നും ഗാംഗുലി വിമര്‍ശിച്ചു.
പന്ത് എവിടെനിന്നും എങ്ങനെ വരുന്നു എന്നുള്ളതല്ല, ബൗണ്ടറി ലൈന്‍ കടക്കണമെന്നതാണ് ഈ സമയത്തെ ആവശ്യം. എന്നാല്‍ ഈ സമയത്തെ ഡോട്ട് ബോളുകള്‍ അമ്പരപ്പിക്കുന്നതാണെന്നും ഗാംഗുലി ധോണിക്കും ജാദവിനുമെതിരെ വിമര്‍ശനം തൊടുക്കവെ വിശദീകരിച്ചു. മത്സരത്തില്‍ വിജയിക്കണമെന്ന ചിന്ത താരങ്ങള്‍ക്ക് ഇല്ലെന്നാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ ആദ്യത്തെ പത്ത് ഓവറിലും അവസാനത്തെ ആറ് ഓവറിലും കാണാനായത് എന്ന് ഗാംഗുലി കുറ്റപ്പെടുത്തി.
അവസാനത്തെ 10 ഓവറില്‍ 72 റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ധോണിയുടെയും ജാദവിന്റേയും വിക്കറ്റ് സംരക്ഷിച്ചുള്ള മെല്ലെപ്പോക്ക് എന്തിനായിരുന്നെന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യം ഉയരുകയാണ്.
Discussion about this post