ബിര്‍മിങ്ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.
വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കെഎല്‍ രാഹുലാണ് അക്കൗണ്ട് തുറക്കും മുന്നേ മടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും എട്ട് റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് വീഴുന്നത്.
ക്രിസ് വോക്സ് തന്റെ സ്വന്തം പന്തില്‍ ക്യാച്ചെടുത്താണ് രാഹുലിനെ മടക്കിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ബാറ്റെടുത്ത മറ്റു താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 5 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകിയത്.
ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റോയ് (66) അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ബെയര്‍സ്റ്റോ (111) റണ്‍സുമായാണ് മടങ്ങിയത്. 109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്റ്റോ 111 റണ്‍സെടുത്തത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്.