ലീഡ്‌സ്: കോപ്പ അമേരിക്ക സെമി ഫൈനലിലെ സൂപ്പര്‍ ക്ലാസിക് പോരാട്ടം നടക്കാനിരിക്കെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയെ വാഴ്ത്ത് മുന്‍ ബ്രസീല്‍ താരം തിയാദോ സില്‍വ. മെസിയെ ചരിത്രം കണ്ട ഏറ്റവും മികച്ച കളിക്കാരന്‍ എന്നാണ് തിയാഗോ സില്‍വ വിശേഷിപ്പിച്ചത്.
‘എന്നെ സംബന്ധിച്ച് മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. പക്ഷെ, ഇപ്പോള്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം വരാനിരിക്കുകയാണ്. ഇതെല്ലാം മറന്ന് മത്സരത്തില്‍ ശ്രദ്ധിക്കാം.’- ഗോള്‍.കോം ന് നല്‍കിയ അഭിമുഖത്തില്‍ സില്‍വ പറഞ്ഞതിങ്ങനെ.
അതേസമയം, കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യ സെമിയില്‍ ബ്രസീലിനെയാണ് അര്‍ജന്റീന നേരിടാനിരിക്കുന്നത്. ഇതുവരെയുള്ള കോപ്പയിലെ മത്സരങ്ങളില്‍ മെസിയുടെ പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടുമില്ല. ഒരു ഗോള്‍ മാത്രമാണ് താരത്തിന്റെ സംഭാവന. വെനസ്വെലയെ 2-0ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്താണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിയെ നേരിടുന്നത് പ്രയാസമായിരിക്കുമെന്ന് സില്‍വ വിലയിരുത്തുന്നു. രാജ്യത്തിനായുള്ള മത്സരത്തിലാണെങ്കിലും ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലാണെങ്കിലും മെസിയെ അഭിമുഖീകരിക്കുക പ്രയാസമാണ്. മെസിയെ കുറിച്ച് എത്ര തന്നെ പഠിച്ചാലും കളിക്കളത്തില്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മെസി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങള്‍ താരത്തിനെ തടയാനുള്ള എതിര്‍ ടീമിന്റെ തന്ത്രങ്ങളെ തകര്‍ക്കുന്നതാണെന്നും സില്‍വ അഭിപ്രായപ്പെട്ടു.
ജൂണ്‍ മൂന്നിനാണ് ബ്രസീല്‍-അര്‍ജന്റീന സെമിഫൈനല്‍. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ് മത്സരം.
Discussion about this post