ലീഡ്‌സ്: കോപ്പയില്‍ ഇനി കൊടുങ്കാറ്റടിക്കും. ആരാധകര്‍ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. ക്വാര്‍ട്ടറില്‍ വെനസ്വെലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചു. നേരത്തെ പരാഗ്വയെ പരാജയപ്പെടുത്തി ബ്രസീല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിക്കായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍, അര്‍ജന്റീന-വെനസ്വെല പോരാട്ടത്തിലെ വിജയിക്കായി കാത്തിരുന്ന ബ്രസീലിന് പ്രതീക്ഷിച്ച എതിരാളിയെ തന്നെയാണ് ലഭിച്ചിരിക്കുന്നത്.
മെസിക്ക് തിളങ്ങാനായില്ലെങ്കിലും ഗോളടി മറക്കാതെ അര്‍ജന്റീന വിജയത്തിലേക്ക് ഓടിക്കയറി. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വെലയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമി ഫൈനലില്‍ കടന്നത്. സ്‌കൊളാനിയുടെ ശിഷ്യന്മാരുടെ വിജയം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു. ലോടാരോ മാര്‍ട്ടിനെസും ജിയോവാനി തോ സെല്‍സോയുമാണ് അര്‍ജന്റീനയ്ക്ക് രക്ഷകരായത്. മത്സരം ആരംഭിച്ച് 10ാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസിന്റെ പാദത്തിലൂടെ അര്‍ജന്റീന ലീഡ് നേടി. പിന്നീട് പ്രതിരോധവും മുന്നേറ്റങ്ങളും രണ്ടാം പകുതിയുടെ 74ാം മിനിറ്റുവരെ നീണ്ടു. പിന്നീട് അര്‍ജന്റീനയുടെ തന്നെ ലോ സെല്‍സോയാണ് മത്സരത്തിലെ ഗോള്‍ വരള്‍ച്ചയ്ക്ക് അടുത്ത മറുപടി നല്‍കിയത്.
വിജയിച്ചെങ്കിലും മെസിക്ക് കാര്യമായി ഒന്നും ചെയ്യാനാവാത്തത് അര്‍ജന്റീനന്‍ ആരാധകര്‍ക്കും ടീമിനും നിരാശയായി. എന്നാല്‍ മോശം പിച്ചാണ് പ്രകടനത്തെ മോശമായി ബാധിക്കുന്നതെന്നാണ് മെസിയുടെ വാദം.
അതേസമയം, സെമിയില്‍ കാത്തിരിക്കുന്ന ബ്രസീല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ടൂര്‍ണമെന്റില്‍ അവരുടേത് മികച്ച പ്രകടനമായിരുന്നെന്നും മെസി വിലയിരുത്തി. തുല്യശക്തിയായ ബ്രസീലിനെ നേരിടാന്‍ ടീം സജ്ജമാണെന്നും ഇതുവരെ അര്‍ജന്റീനയുടെ പ്രകടനം നല്ലതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post