മാഞ്ചസ്റ്റര്‍: പതിഞ്ഞ താളത്തിലുള്ള ബാറ്റിങിന്റെ പേരില്‍ വീണ്ടും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനം. ധോണിയുടെ ഇഴഞ്ഞുള്ള ബാറ്റിങ് ശൈലി അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സര ശേഷമാണ് ഏറെ വിമര്‍ശിക്കപ്പെട്ടത്. 52 പന്തുകള്‍ നേരിട്ട ധോണി 28 റണ്‍സ് മാത്രമാണ് നേടിയത്. ഒടുവില്‍ ഭൂമ്രയുടേയും ഷമിയുടേയും മൂര്‍ച്ചയേറിയ ബൗളിങ് ഇന്ത്യയെ ഭയപ്പെടുത്തിയ തോല്‍വിയില്‍ നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു. ജയിച്ചെങ്കിലും ധോണിക്കെതിരായ ആക്രമണത്തിന് കുറവുണ്ടായില്ല.
വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിനിടയിലും ധോണിയുടെ സ്ലോ സ്‌ട്രൈക്ക് റേറ്റ് ചര്‍ച്ചയാവുകയാണ്. അവസാന ഓവറില്‍ തകര്‍ത്തടിച്ച് ധോണി അര്‍ധ സെഞ്ച്വറി നേടുകയും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കുകയും ചെയ്‌തെങ്കിലും കോഹ്‌ലിക്ക് സ്‌ട്രൈക്ക് കൈമാറിയില്ല എന്നതുള്‍പ്പടെ നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.
ഇതിനിടെ 72 റണ്‍സിന്റെ മികച്ച പ്രകടനത്തോടെ നായകന്‍ വിരാട് കോഹ്‌ലി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മത്സരശേഷം സംസാരിക്കവേ ധോണിക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ചും കോഹ്‌ലി പ്രതികരിച്ചു. എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് വ്യക്തമായി അറിയാമെന്ന് കോഹ്‌ലി പറഞ്ഞു.
ധോണിക്ക് ഒരു മോശം ദിനമുണ്ടായാല്‍ അന്ന് എല്ലാവരുടേയും ചര്‍ച്ച അതുമാത്രമായിരിക്കും. എന്നാല്‍ ടീം അദ്ദേഹത്തെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കും. അദ്ദേഹം ടീമിനായി ഒട്ടേറെ മത്സരങ്ങളില്‍ വിജയം സമ്മാനിച്ചിട്ടുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി. ഇന്ത്യന്‍ മധ്യനിരയില്‍ ധോണിയുടെ അനുഭവ സമ്പത്ത് ആവശ്യഘട്ടത്തില്‍ എത്തരത്തിലാണ് ഉപകാരപ്പെടുന്നതെന്നും കോഹ്‌ലി വിശദീകരിച്ചു.
‘ടീമിന് ഒരു 15-20 റണ്‍സ് കൂടി വേണമെന്ന അവശ്യഘട്ടത്തിലെത്തുമ്പോഴാണ് ധോണിയെ പോലെ ഒരു താരത്തിന്റെ സാന്നിധ്യത്തിന്റെ ശക്തി മനസിലാവുക. അദ്ദേഹത്തിന് ആ റണ്‍സ് എങ്ങനെ എടുക്കണമെന്ന് വ്യക്തമായ ധാരണയുണ്ടായിരിക്കും. അതാണ്, അനുഭവ സമ്പത്ത്. 10ല്‍ എട്ട് തവണയും ഇത് ടീമിന് ഉപകാരപ്പെടുകയും ചെയ്തിട്ടുണ്ട്’. ധോണിക്കെതിരായ സ്ലോ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് കോഹ്‌ലി വിശദമാക്കുന്നു.
Discussion about this post