പോര്‍ട്ടോ അലെഗ്രോ: കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ആദ്യമൊന്ന് വിറച്ചെങ്കിലും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് തുണച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-3ന് പരാഗ്വയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍ പ്രവേശിച്ചു. പത്തുപേരുമായി കളിച്ച പരാഗ്വന്‍ ഭീതിയെ വിജയം കൊണ്ട് ആതിഥേയര്‍ മറികടക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടു പകുതിയും ഗോള്‍ രഹിതമായി പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ലിവര്‍പൂളിന്റെ ബ്രസീല്‍ ഗോളി മില്യണ്‍ കിലുക്കമുള്ള അലിസണ്‍ ബെക്കര്‍ പരാഗ്വന്‍ താരത്തിന്റെ ഷോട്ടിനെ മികച്ച സേവിലൂടെ തട്ടിയകറ്റിയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് ആരംഭിച്ചത്. ഫിര്‍മിന്യോ ഷോട്ട് പാഴാക്കിയെങ്കിലും വില്യനും മാര്‍ക്കീന്യോയും കുടിന്യോയും ജീസസും ബ്രസീലിനായി വലകുലുക്കി.
ഫിര്‍മിന്യോയെ ഫൗള്‍ ചെയ്തതോടെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ബ്രസീല്‍ മിസ് ചെയ്തിരുന്നു. പരാഗ്വെയുടെ ഫാബിയന്‍ ബല്‍ബ്വേന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി കുറഞ്ഞെങ്കിലും ബ്രസീലിന് അവസരം മുതലെടുക്കാനായില്ല. നാളെ നടക്കുന്ന അര്‍ജന്റീന- വെനസ്വേല ക്വാര്‍ട്ടറിലെ വിജയികളാവും സെമി ഫൈനലില്‍ ബ്രസീലിനെ നേരിടുക.
Discussion about this post