ലണ്ടന്‍: ഇന്ത്യയ്ക്കെതിരെ ലോകകപ്പില്‍ വീണ്ടും തോറ്റതോടെ തനിക്കും ടീമംഗങ്ങള്‍ക്കും ഏല്‍ക്കേണ്ടി വന്നത് ഗുരുതരമായ അധിക്ഷേപങ്ങളാണെന്ന് പാകിസ്താന് ടീം നായകന് സര്‍ഫറാസ് അഹമ്മദ്. തന്റെ കുടുംബത്തിനു മുന്നില്‍ വെച്ച് പോലും തന്നെ ആക്രമിച്ചത് ഏറെ മനപ്രയാസമുണ്ടാക്കിയെന്ന് ന്യൂസിലാന്‍ഡിനെതിരായ മത്സര ശേഷം നല്കിയ അഭിമുഖത്തില്‍ സര്‍ഫറാസ് വെളിപ്പെടുത്തി. ഇന്ത്യയോട് പരാജയപ്പെട്ടതിനു ശേഷം ഒരാഴ്ചയോളം ടീമംഗങ്ങള്‍ മാധ്യമങ്ങളിലും മറ്റും പരസ്യപ്രതികരണം നടത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ന്യൂസിലാന്‍ഡിനെതിരായ തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന് താരങ്ങള്‍ വീണ്ടും നിഴലില്‍ നിന്നും പുറത്തേക്ക് വന്നിരിക്കുകയാണ്.
ബാബര്‍ അസമിന്റെയും ഹാരിസ് സൊഹൈലിന്റെയും തകര്‍പ്പന്‍ ബാറ്റിങും ഷഹീന് അഫ്രീദിയുടെ തീപാറുന്ന ബൗളിങ്ങുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ‘തടിച്ച പന്നി’ എന്ന അധിക്ഷേപം കേട്ട നായകന് സര്‍ഫറാസ് ഇന്നലെ സ്റ്റംപിന് പിന്നില്‍ നിന്നും ഉജ്ജ്വല ഡൈവിലൂടെ റോസ് ടെയ്ലറെ കൈപ്പിടിയിലൊതുക്കിയത് വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്നതായിരുന്നു.
ലണ്ടനിലെ ഒരു മാളില്‍ വെച്ചാണ് സര്‍ഫറാസിന് ഈ അപമാനം ഏല്‍ക്കേണ്ടി വന്നത്. കുടുംബത്തോടൊപ്പം നില്ക്കുമ്പോള് സര്‍ഫറാസ് തടിച്ചു ചീര്‍ത്തെന്നും ഡയറ്റ് എടുക്കാനും ആരാധകന് പറയുന്ന വീഡിയോയാണ് വിവാദമായത്. സര്‍ഫറാസ് ഒഴിഞ്ഞ് മാറിയിട്ടും പിന്തുടര്ന്ന് വന്ന ആരാധകന് പരിഹസിക്കുകയായിരുന്നു. മകനൊപ്പം നില്ക്കുമ്പോള് തന്നെ ‘തടിച്ച പന്നി’ എന്ന് വിളിച്ച് അപമാനിക്കുന്ന വീഡിയോ കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞെന്നും സര്‍ഫറാസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലോകകപ്പ് അവതാരക സൈനബ് അബ്ബാസുമായി നടത്തിയ അഭിമുഖത്തിലാണ് സര്‍ഫറാസ് മനസ്സുതുറന്നത്.
🇵🇰 captain @SarfarazA_54, in a disarmingly honest chat with our insider @ZAbbasOfficial, admits that fan reactions after the loss to India hurt him, but thanks those who stood by him and his team.#WeHaveWeWill pic.twitter.com/f6Q8yBeBgu
— ICC (@ICC) June 26, 2019
സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് സര്‍ഫറാസ് പറയുന്നു. വീഡിയോ എടുത്തയാള്‍ പിന്നീട് മാപ്പു പറഞ്ഞതാണ്. എന്നാല്‍ ഇതിന് ശേഷമാണ് വീഡിയോ വൈറലായത്. ആ സമയത്ത് ദേഷ്യം വന്നെങ്കിലും വീഡിയോ പകര്‍ത്തിയ വ്യക്തിയോട് മോശമായി പ്രതികരിച്ചില്ല. എന്നാല്‍ വീഡിയോ വൈറലായതോടെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇതിനെ കാര്യമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. വീഡിയോ വിവാദമായതോടെ ഇന്ത്യന്‍ ആരാധകരടക്കമുള്ളവര്‍ സര്‍ഫറാസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ മുതല്‍ തന്നെ പാക് ടീം അംഗങ്ങളുടെ ജീവിതശൈലികളെക്കുറിച്ചും ഭക്ഷണവിഭവങ്ങളെകുറിച്ചും വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘കളിയുടെ കാര്യത്തില്‍ ഞങ്ങളെ വിമര്‍ശിക്കൂ. പക്ഷെ ഞങ്ങളെ വ്യക്തിപരമായി അപമാനിക്കരുത്. അത് ഞങ്ങളെ കുടുംബങ്ങളെ വിഷിമിപ്പിക്കും. ഇതേ ആരാധകരാണ് ടീം ജയിക്കുമ്പോള്‍ ഞങ്ങളെ എടുത്തുയര്‍ത്തുന്നത്. തോല്‍ക്കുമ്പോള്‍ ആരാധകര്ക്കുള്ളതുപോലെ തന്നെ ഞങ്ങള്‍ക്കും വിഷമമുണ്ട്’ – സര്‍ഫറാസ് പറയുന്നു.
Discussion about this post