ലണ്ടന്‍: ഇംഗ്ലണ്ടിനെ 64 റണ്‍സിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ജയിക്കാന്‍ 286 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ബെഹ്രെന്‍ഡോര്‍ഫും നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണെടുത്തത്. ഏഴു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി പട്ടികയില്‍ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യത മങ്ങിയിരിക്കുകയാണ്. ഓസ്ട്രേലിയയാകട്ടെ, ഏഴു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി.
റണ്‍ എടുക്കും മുന്നേ ഓപ്പണര്‍ ജയിംസ് വിന്‍സിനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. വിന്‍സിനെ ബഹെറെന്‍ഡോര്‍ഫ് ക്ലീന്‍ ബൗള്‍ഡാക്കി. ഒന്‍പത് പന്തില്‍ എട്ട് റണ്‍സ് എടുത്ത ജോ റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക് മടക്കി. ഓയിന്‍ മോര്ഗന് 4 റണ്‍സ് എടുത്ത് പുറത്തായി. 39 പന്തില്‍ 27 റണ്‍സ് എടുത്ത ജോണി ബെയര്‍സ്റ്റോയെ ബഹെറെന്‍ഡോര്‍ഫ് പുറത്താക്കി. ബെന്‍ സ്റ്റോക്ക് 115 പന്തില്‍ 89 റണ്‍സ് നേടി. ജോസ് ബട്ട്ലര്‍ 25 റണ്‍സ് എടുത്ത് പുറത്തായി.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുത്തു.
Discussion about this post