ലണ്ടന്‍: 1985-ല്‍ 17-ാം വയസില്‍ ലോകത്തെ തന്നെ ഒന്നടങ്കം കോരിത്തരിപ്പിച്ച താരം, ലോകം മുഴുവനും ആഡംബര വീടുകള്‍, ബിസിനസുകള്‍ തുടങ്ങി ജീവിതം ആഘോഷമാക്കിയ ബോറിസ് ബെക്കറെന്ന ജര്‍മന്‍ ടെന്നീസ് താരം ഇന്ന് കടക്കെണിയുടെ പിടിയിലാണ്. ബിസിനസ് രംഗത്തെ വലിയ തിരിച്ചടികളാണ് ബെക്കറെ ഈ ദുരിതത്തില്‍ എത്തിച്ചത്.
ദുബായിയില്‍ പണിതുയര്‍ത്തിയ ബോറിസ് ടവര്‍, സ്പോര്‍ട്സ് വെബ്സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം പരാജയമായിരുന്നു. വലിയ നഷ്ടങ്ങളാണ് ഇതിലൂടെ സംഭവിച്ചത്. ഇപ്പോള്‍ അതില്‍ നിന്നും കരകയറുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിനായി തനിക്ക് ലഭിച്ച മെഡലുകളും ട്രോഫികളും ലേലത്തിന് വെച്ചിരിക്കുകയാണ്. കൂട്ടത്തില്‍ വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളും ലേലത്തിനായി വെച്ചിട്ടുണ്ട്.
ഇവയില്‍ നിന്നും ലഭിക്കുന്ന തുക കടക്കെണിയുടെ പിടിയില്‍ നിന്നും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. വിംബിള്‍ഡണ്‍ കിരീടം ചൂടിയ ബെക്കറാണ് ഇന്ന് കടക്കെണി മൂലം നേടിയ കിരീടവും മറ്റെല്ലാം തന്നെ ലേലത്തിന് വെയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്. ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ബെക്കറുടെ ട്രോഫികളും മറ്റ് വസ്തുക്കളും ലേലത്തിന് വെച്ചിരിക്കുന്നത്.
ജൂണ്‍ 24-ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും. 2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്റപ്സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ഒരു കാലത്ത് നൂറു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന താരത്തിന് ഏറ്റവും വലിയ തിരിച്ചടിയായത് നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post