സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എവേ മത്സരങ്ങള്‍ക്കുള്ള ഓറഞ്ച് ജേഴ്‌സി അണിഞ്ഞ് ഇന്ത്യ ഉടനെ കളത്തിലിറങ്ങും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാവും ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിച്ചിറങ്ങുയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതുവരെ മെന്‍ ഇന്‍ ബ്ലൂ ആയിരുന്ന ഇന്ത്യന്‍ താരങ്ങളെ തിളങ്ങുന്ന ഓറഞ്ച് നിറത്തില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ ആതിഥേയരൊഴികെയുള്ള പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്‌സികള്‍ വേണമെന്ന് നിര്‍ബന്ധമാണെന്ന് ഐസിസി തറപ്പിച്ച് പറഞ്ഞിരുന്നു. ഇംഗ്ലണ്ട് ആതിഥേയരാണെന്നതിനാല്‍ അവര്‍ക്ക് നീല ജേഴ്‌സി തന്നെ ധരിച്ചിറങ്ങാനാവും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിച്ചിറങ്ങാനുള്ള തീരുമാനമെടുത്തത്.
ഓറഞ്ച് ജേഴ്‌സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും. നൈക്കിയാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. പുതിയ ജേഴ്‌സിയെക്കുറിച്ച് നൈക്കി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കും ഈ ജേഴ്‌സി കഴിഞ്ഞദിവസം മാത്രമാണ് കാണാനായതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ മത്സരങ്ങളില്‍ ഇന്ത്യ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക.