മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഈ ലോകകപ്പിലെ അഫ്ഗാന്റെ അഞ്ചാം തോല്‍വിയാണിത്. ഇംഗ്ലണ്ടിന്റെ നാലാം ജയവും. അഫ്ഗാനിസ്ഥാന്‍ വേണ്ടി ഹാഷ്മത്തുള്ള ഷാഹിദി(76), അസ്ഗര്‍ അഫ്ഗാന്‍(44) എന്നിവര്‍ മാത്രമാണ് കളിച്ചത്. ജോഫര്‍ അര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി.
അമ്പത് ഓവറില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 397 റണ്‍സ് എടുത്തു. മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ഓവറില്‍ മൊയീന്‍ അലി നടത്തിയ മിന്നല്‍ പ്രകടനവുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
71 പന്തില്‍ 148 റണ്‍സ് എടുത്ത മോര്‍ഗനും, ഒന്‍പത് പന്തില്‍ 31 റണ്‍സ് എടുത്ത് മൊയീന്‍ അലിയും ആണ് അവസാന വെടിക്കെട്ട് നടത്തിയത്. ജോണി ബെയര്‍സ്റ്റോ 90 റണ്‍സും, റൂട്ട് 88 റണ്‍സും നേടി. 31 പന്തില്‍ 26 റണ്‍സെടുത്ത വിന്‍സ് ആദ്യം പുറത്തായി. പിന്നീട് ജോണി ബെയര്‍സ്റ്റോയും, റൂട്ടും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 120 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.