പാരിസ്: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022ന്റെ വേദിയാകാന്‍ ഖത്തറിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പാരീസിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ മുതല്‍, ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി നേരത്തെ പറഞ്ഞിരുന്നു. 2018 ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്താണ് ഖത്തറിനു 2022 ലെ വേദി അനുവദിച്ചത്.
ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേരും നിയമനടപടികള്‍ നേരിടുകയാണ്. ഇവരില്‍ മിക്കവരും ഇപ്പോഴും സസ്പെന്‍ഷനിലുമാണ്.
ഇതാദ്യമായല്ല പ്ലാറ്റിനി അഴിമതി കേസില്‍ കുരുങ്ങുന്നത്. 2007 മുതല്‍ 2015 വരെ ഫിഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയെ അഴിമതിക്കേസില്‍ ആറ് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീടിത് നാലു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.
Discussion about this post