‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ശോയബ് അക്തര്‍.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ശോയബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി പാക് നായകന്‍ സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയെയാണ് അക്തര്‍ വിമര്‍ശിച്ചത്.

2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിപ്പിച്ച കോഹ്ലിയുടെ അതേ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്നാണ് അക്തറിന്റെ നിരീക്ഷണം. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. അക്തര്‍ സര്‍ഫറാസിനെ കുറ്റപ്പെടുത്തുന്നു.

ഓസ്ട്രേലിയയോട് തോറ്റതെങ്കിലും പരിശോധിക്കാമായിരുന്നെന്നും ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാകിസ്താന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ, ടോസ് കിട്ടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ഫറാസ് അഹമ്മദിനോട് പറഞ്ഞിരുന്നു.

സര്‍ഫറാസിന് ഒപ്പം ടീം അഗങ്ങളേയും വിമര്‍ശിക്കാന്‍ അക്തര്‍ മടിച്ചില്ല. ബൗളര്‍ ഹസന്‍ അലിയോട് വാഗാ അതിര്‍ത്തിയില്‍ മാത്രം ഒച്ചവെച്ചത് കൊണ്ട് കാര്യമായില്ലെന്നാണ് അക്തര്‍ പറഞ്ഞത്. ഗ്രൗണ്ടിലും ഹസന്‍ അലി ഈ പ്രകടനം കാഴ്ച വെക്കണമായിരുന്നുവെന്ന് അക്തര്‍ പറയുന്നു. 2018ല്‍ ഹസന്‍ അലി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി നൃത്തം ചെയ്തിരുന്നു. ഈ നടപടിയെയാണ് അക്തര്‍ വിമര്‍ശിച്ചത്. ഇന്നലെ ഒമ്പത് ഓവര്‍ എറിഞ്ഞ ഹസന്‍ അലി 84 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

Exit mobile version