ലണ്ടന്‍: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് ആഗ്രഹിച്ച സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് ഐസിസി. ശ്രീലങ്കന്‍ ടീമിന് നീന്തല്‍ക്കുളമുള്ള ഹോട്ടല്‍ അനുവദിച്ചതോടെയാണ് ടീമിന്റെ പരാതികള്‍ക്ക് അവസാനമായത്. നേരത്തെ ടീമംഗങ്ങള്‍ തങ്ങിയിരുന്ന ഹോട്ടലില്‍ നീന്തല്‍ക്കുളം ഉണ്ടായിരുന്നില്ല. ഇതോടെ ഐസിസിയുടെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് കനത്ത അവഗണനയാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു. ശ്രീലങ്കയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ബ്രിസ്റ്റോളില്‍ വെച്ചായിരുന്നു. അവിടെ ടീംമംഗങ്ങള്‍ തങ്ങിയിരുന്ന ഹോട്ടലിനെതിരെയാണ് ആരോപണം ശക്തമായിരിക്കുന്നത്.
നീന്തല്‍ക്കുളം പോലുമില്ലാത്ത താരതമ്യേന ചെറിയ ഹോട്ടലായിരുന്നു തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നതെന്ന് ടീം മാനേജര്‍ അശാന്ത ഡി മെല്‍ ആരോപിച്ചിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം കളിക്കാര്‍ക്ക് നീന്തല്‍ അത്യാവശ്യമാണ് എന്നാല്‍, നീന്തല്‍ക്കുളം പോലും ഇല്ലാതിരുന്നതിനാല്‍ കളിക്കാര്‍ വലഞ്ഞെന്നും അശാന്ത ഡി മെല്‍ കുറ്റപ്പെടുത്തുന്നു. ലോകത്തെ തന്നെ മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ വിവേചനങ്ങള്‍ നേരിടുന്നത് ശരിയല്ലെന്നും, എല്ലാ ടീമുകളേയും തുല്യമായി പരിഗണിക്കണമെന്നും ഐസിസിക്ക് കൈമാറിയ പരാതി കത്തില്‍ ടീം മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നു.
കൂടാതെ, ഹോട്ടലിലെ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ബ്രിസ്റ്റോളില്‍ പരിശീലനത്തിനും ആവശ്യത്തിന് സൗകര്യം ലഭിച്ചില്ല. മൂന്ന് നെറ്റ്‌സ് ആവശ്യപ്പെട്ടിട്ട് കിട്ടിയത് രണ്ടെണ്ണം മാത്രം. ആദ്യ രണ്ട് മത്സരങ്ങളും നടന്ന കാര്‍ഡിഫിലെ പിച്ച് ഒരുക്കിയതില്‍ അസ്വഭാവികത ഉണ്ടെന്നും ടീം ആരോപിച്ചു. ടീമിന് യാത്ര ചെയ്യാന്‍ അനുവദിച്ചത് ഇടുങ്ങിയ ചെറിയ ബസുകളാണെന്നും ഇത് വിവേചനമാണെന്നും ടീം മാനേജ്‌മെന്റ് ആരോപിച്ചിരുന്നു.
ന്യൂസിലാന്‍ഡിനും അഫ്ഗാനിസ്ഥാനുമെതിരെയുമാണ് ശ്രീലങ്ക കാര്‍ഡിഫില്‍ കളിച്ചത്. രണ്ട് തവണയും ബൗളിംഗിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയതെന്നും അശാന്ത ഡി മെല്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഐസിസിക്ക് പരാതി നല്‍കുകയും, എന്നാല്‍ ആരെയും അവഗണിച്ചിട്ടില്ലെന്നായിരുന്നു ടീമിന് ലഭിച്ച ഐസിസിയുടെ മറുപടി. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് മികച്ച ഹോട്ടല്‍ തന്നെയാണ് ശ്രീലങ്കന്‍ ടീമിന് അനുവദിച്ചിരിക്കുന്നത്.
Discussion about this post