ടെന്നീസ് താരത്തിനൊപ്പം ഉയരമെത്തുന്നില്ല; ‘തളത്തില്‍ ദിനേശനായി’ കോഹ്‌ലി! തട്ട് ഉപയോഗിച്ച താരത്തിനെ കൊട്ടി സോഷ്യല്‍മീഡിയ

തട്ട് ഉപയോഗിച്ച് ഉയരം കൂട്ടി സോഷ്യല്‍മീഡിയയുടെ തട്ട് വാങ്ങിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

ന്യൂഡല്‍ഹി: ടെന്നീസ് താരത്തിനൊപ്പം ഉയരമെത്തിയില്ല തട്ട് ഉപയോഗിച്ച് ഉയരം കൂട്ടി സോഷ്യല്‍മീഡിയയുടെ തട്ട് വാങ്ങിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെന്നിസ് താരം കര്‍മന്‍ കോര്‍ തന്‍ഡിക്കൊപ്പമുള്ള കോഹ്ലിയുടെ ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴയാണ്. തന്നെക്കാള്‍ ഉയരമുള്ള കര്‍മാനൊപ്പം നില്‍ക്കാന്‍ വേദിയില്‍ ചെറിയ തട്ട് ഉപയോഗിച്ചതാണ് വിമര്‍ശനത്തിനു കാരണമായത്.

കര്‍മാനൊപ്പം നില്‍ക്കാന്‍ തട്ടില്‍ കയറി നിന്ന കോഹ്ലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ ടിസോട്ടിന്റെ സ്‌പെഷല്‍ എഡിഷന്‍ വാച്ച് ശ്രേണിയുടെ പ്രകാശന ചടങ്ങിനിടെയാണ് സംഭവം. ടിസോട്ട് ക്രോണോ ക്ലാസിക് വിരാട് കോഹ്‌ലി 3018 ലൈന്‍ എന്ന പേരിലാണ് പുതിയ എഡിഷന്‍ വാച്ചുകള്‍ എത്തിയിരിക്കുന്നത്.

കായികതാരങ്ങളായ സത്‌നം സിങ്, ആദില്‍ ബേദി, ശിവാനി കതാരിയ, സച്ചിക കുമാര്‍, പിങ്കി റാണി, മനോജ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും കോഹ്‌ലി വാച്ച് സമ്മാനിച്ചു.

ഇങ്ങനെ കര്‍മാനു വാച്ച് സമ്മാനിച്ചു ചിത്രത്തിനു പോസ് ചെയ്യുമ്പോഴാണ് കോഹ്ലി തട്ടില്‍ കയറി നിന്നത്. ഒരു യുവതി തന്നെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നത് അംഗീകരിക്കാന്‍ കോഹ്ലിയ്ക്കു സാധിക്കുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു തട്ട് വേണ്ടി വന്നതെന്നുമായിരുന്നു ഇതോടെ വിമര്‍ശനമുയര്‍ന്നത്. കോഹ്ലിയേക്കാള്‍ ഉയരം കുറഞ്ഞവരാരും തട്ട് ഉപയോഗിച്ച് ഒപ്പമെത്താന്‍ ശ്രമിച്ചില്ലെന്നും താരത്തിലെ പുരുഷ ഈഗോ വ്യക്തമായെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇതോടൊപ്പം തട്ടില്‍ നില്‍ക്കുന്ന കോഹ്ലി ട്രോളുകളില്‍ ഇടം പിടിക്കുകയായിരുന്നു. നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ പ്രമോഷന്‍ ചടങ്ങായതിനാല്‍ ചിത്രം മികച്ചതാവാനാണ് വിരാട് ഇങ്ങനെ ചെയ്തത് എന്നാണ് കോഹ്ലിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. കര്‍മാനൊപ്പം മാത്രമല്ല, സത്നം സിങ്ങിനൊപ്പം ഫോട്ടോയ്ക്കു നിന്നപ്പോഴും വിരാട് തട്ട് ഉപയോഗിച്ചിരുന്നു എന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ് ‘തളത്തില്‍ കോഹ്ലി’യുടെ ചിത്രം.

Exit mobile version