ലണ്ടന്‍: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ഭൂമ്ര മലയാളികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. താരം പിന്തുടരുന്ന ഒരേയൊരു സിനിമാതാരം ഒരു മലയാളി നടിയാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടി മറ്റാരുമല്ല, പ്രേമത്തിലൂടെ ആരാധക ലക്ഷങ്ങളെ വാരിക്കൂട്ടിയ തൃശ്ശൂരുകാരി അനുപമ പരമേശ്വരന്‍ തന്നെ. പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെയാണ് അനുപമ സിനിമാ ലോകത്ത് ഹിറ്റാകുന്നത്. ഏകദിന റാങ്കിങില്‍ തന്നെ ലോക ഒന്നാം നമ്പറായ ഭൂമ്ര ട്വിറ്ററില്‍ ആകെ ഫോളോ ചെയ്യുന്നത് 25 പേരെയാണ്. അവരില്‍ ഒരാളായി റെക്കോര്‍ഡിട്ടിരിക്കുകയാണ് അനുപമ.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, എംഎസ്‌ധോണി, യുവരാജ് സിങ്, അനില്‍ കുംബ്ലെ,ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെയാണ് ഭൂമ്ര ഫോളോ ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ഇല്ല എന്നതും ശ്രദ്ധേയം. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ഭൂമ്ര ലൈക്ക് ചെയ്യുന്നുമുണ്ട്.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ നായികയാണിപ്പോള്‍. അതേസമയം, ട്വിറ്ററില്‍ ഭൂമ്ര ഫോളൊ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.