നോട്ടിങ്ങ്ഹാം: ലോകകപ്പിലെ തീപ്പാറും പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസ്ട്രേലിയക്ക് വിജയം. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 273 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
105 പന്തില്‍ 68 റണ്‍സ് നേടിയ ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ 51 (57) റണ്‍സെടുത്തു. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേടി. കുമ്മിന്‍സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍ സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി.
289 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ എവിന്‍ ലെവിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അഞ്ച് പന്തില്‍ ഒരു റണ്ണായിരുന്നു ലെവിസ് നേടിയത്. ഓപ്പണര്‍മാരായ ക്രിസ് ഗെയ്ല് 21 (17 ) റണ്‍സെടുത്തു പുറത്തായി. രണ്ട് തവണ അമ്പയര്‍ ഔട്ട് വിധിച്ചിട്ടും റിവ്യൂവിലൂടെ രക്ഷപ്പെട്ട ഗെയില്‍ മൂന്നാം തവണ പുറത്താവുകയായിരുന്നു.
നേരത്തെ സ്കോര്‍ ബോര്‍ഡില്‍ വെറും 38 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും വിന്‍ഡീസിനെതിരെ മികച്ച ടോട്ടല്‍ കുറിക്കാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞു. 49 ഓവറില്‍ 288 റണ്‍സെടുത്താണ് കങ്കാരുക്കള്‍ കൂടാരം കയറിയത്. 26 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെയും പിന്നാലെ ഖവാജയെയും മാക്സ്വെല്ലിനെയും നഷ്ടപ്പെട്ട ഓസീസിനെ മുന്‍ നായകന് സ്മിത്തും കോള്ട്ടെര്നൈലും ചേര്‍ന്നാണ് കരകയറ്റിയത്.
60 പന്തില്‍ നാല് സിക്സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ 92 റണ്‍സാണ് കോള്ട്ടെര്നൈല് നേടിയത്. സ്മിത്ത് 103 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെ 73 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്സ് കാരി മാത്രമാണ് തിളങ്ങിയത്.
ഓസീസ് നിരയില്‍ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. വിന്‍ഡീസിനായ് മൂന്നുവിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്വൈറ്റും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഓഷോണ് തോമസ്, കോട്ട്രെല്‍, റസല്‍ എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു.
ബൗണ്ടറി ലൈനരകില് വെച്ച് സ്മിത്തിന്റേതുള്‍പ്പെടെ രണ്ട് ക്യാച്ചുകളെടുത്ത കോട്ട്രെല്ലിന്റെ ഫീല്‍ഡിങ് മികവും ശ്രദ്ധേയമായിരുന്നു.
Discussion about this post