സതാംപ്ടണ്: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.
ജസ്പ്രീത് ബൂറയുടെയും യൂസ്വേന്ദ്ര ചാഹലിന്റെയും കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറര്‍.
ക്യാപ്റ്റന്‍ ഡൂ പ്ലെസി 54 പന്തില്‍ നിന്ന് 38 ഉം ഡേവിഡ് മില്ലര്‍ 40 പന്തില്‍ നിന്ന് 31 ഉം ഫെഹ്ലുക്വായോ 61 പന്തില്‍ നിന്ന് 34 ഉം വാന്‍ ഡെര്‍ ഡുസ്സെന്‍ 37 പന്തില്‍ നിന്ന് 22 ഉം റണ്‍സെടുത്തു. പത്തോവറില്‍ 51 റണ്‍സിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്.
എന്നാല്‍, പത്തോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓപ്പണര്‍മാരെയും അഞ്ചാം ഓവറിനുള്ളില്‍ മടക്കിയത് ബൂംറയാണ്. ഭുവനേശ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
Discussion about this post