ലണ്ടന്‍: ലിവര്‍പൂള്‍ പട്ടണത്തിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഇസ്ലാമോഫോബിയയും വന്‍തോതില്‍ കുറച്ച് ലിവര്‍പൂള്‍ ക്ലബും താരം മുഹമ്മദ് സലായും. 2017ല്‍ ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സല എത്തിയതിന് പിന്നാലെ ലിവര്‍പൂള്‍ പട്ടണത്തിലെ ഇസ്ലാമോഫോബിയ വന്‍തോതില്‍ കുറഞ്ഞതായാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. 2017 ജൂണില്‍ സലാ ലിവര്‍പൂളുമായി കരാര്‍ ഏര്‍പ്പെടുന്ന കാലത്തൊക്കെ ലിവര്‍പൂള്‍ പ്രദേശത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ പതിവായിരുന്നു. പിന്നീട് ഇത് 18.9 ശതമാനമായി കുറഞ്ഞതായി പഠനം പറയുന്നു.
ഇതോടൊപ്പം, മുസ്ലീങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളില്‍ 50 ശതമാനം കുറവ് സംഭവിച്ചതായി പഠനം കണ്ടെത്തിയിട്ടുണ്ട്. റോമയില്‍ നിന്നും 34 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് 2017-ല്‍ സലാ ലിവര്‍പൂളില്‍ എത്തുന്നത്. പിന്നീട് ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനും, 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനും നിര്‍ണ്ണായക പങ്കുവഹിച്ച് സലാ ആരാധകരുടെ പ്രിയ താരമായി.
മുസ്ലീങ്ങളുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യം സലായുടെ സാന്നിധ്യം ഉണ്ടാക്കിയതോടെയാണ് കുറ്റകൃത്യ നിരക്കുകള്‍ കുറയാന്‍ കാരണം എന്നാണ് പഠനം പറയുന്നത്. ഇത്തരത്തില്‍ താരങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ സമൂഹത്തിലെ ചില വംശീയ പ്രശ്നങ്ങളെന്നും പഠനം വിശദീകരിക്കുന്നു.
Discussion about this post