നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ അവിശ്വസനീയവും പ്രവചനാതീതവുമായ പ്രകടനങ്ങള്‍ തുടരുകയാണ്. പ്രതീക്ഷിച്ച പോലെ ട്രെന്‍ഡ് ബ്രിഡ്ജിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ 400-500 റണ്‍സുകളൊന്നും പിറന്നില്ലെങ്കിലും പാകിസ്താന് ഉയര്‍ത്തിയ 349 എന്ന മികച്ച സ്കോറിനെ പിന്തുടരാനാകാതെ പാതിവഴിയില്‍ തളര്‍ന്ന് ഇംഗ്ലണ്ട്.
ലോകകപ്പിലെ ഫേവറേറ്റുകളില്‍ മുന്‍നിരയിലുള്ള ഇംഗ്ലണ്ടിന് ഏത് ഉയര്‍ന്ന സ്കോറും തങ്ങളുടെ ബാറ്റിങ് നിരയ്ക്ക് മറികടക്കാമെന്ന ആത്മവിശ്വാസത്തിനേറ്റ മുറിവാണ് ഈ 14 റണ്‍സിന്റെ തോല്‍വി. ലോകകപ്പിന് മുമ്പ് നടന്ന ഏകദിനങ്ങളില്‍ പാകിസ്താനെ അടിച്ചോടിച്ച ഇയാന്‍ മോര്‍ഗന്റെ കീഴിലെ ഇംഗ്ലീഷ് പടയ്ക്ക് എന്നാല്‍ ലോകകപ്പില്‍ പാകിസ്താനുമായി ഏറ്റമുട്ടിയപ്പോള്‍ മുട്ടിടിക്കുകയായിരുന്നു.
പാകിസ്താന് ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്ലറും (103) നേടിയ സെഞ്ച്വറികള്‍ പാഴായി. അതേസമയം, ഒരു സെഞ്ച്വറി പോലും കുറിക്കാതെയാണ് പാകിസ്താന് 349 എന്ന റണ്‍മല ഉയര്‍ത്തിയതെന്നും റെക്കോര്‍ഡായി.
പാകിസ്താന്റെ ഏറെ വിമര്‍ശനം കേട്ട വഹാബ് റിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സര്‍ഫ്രാസും സംഘവും 14 റണ്‍സിന്റെ വിജയത്തോടെ കഴിഞ്ഞ തോല്‍വിയുടെ നിരാശയെ അടിച്ചോടിച്ചു. പാകിസ്താനായി 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് ടോപ് സ്കോറര്‍. ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള് ഹഖ് (44) എന്നിവരാണ് തൊട്ടുപിന്നില്‍. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ നിറംമങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.
Discussion about this post