ലോകകപ്പില്‍ രണ്ടാം തോല്‍വി; ദക്ഷിണാഫ്രിക്കയെ പിന്തുടര്‍ന്ന് നിര്‍ഭാഗ്യം; ബംഗ്ലാദേശിന് അട്ടിമറി വിജയം!

ടോസ് നേടിയിട്ടും ബംഗ്ലാദേശിനെ ബാറ്റിങിനയച്ച ദക്ഷിണാഫ്രിക്കയുടെ അമിത ആത്മവിശ്വാസം തിരിച്ചടിക്കുകയായിരുന്നു.

ഓവല്‍: ലോകകപ്പില്‍ എത്ര മികച്ച ടീമാണെങ്കിലും തോല്‍വി പതിവാക്കിയ ദക്ഷിണാഫ്രിക്കയെ ഇത്തവണയും നിര്‍ഭാഗ്യം പിന്തുടര്‍ന്നു. ഇത്തവണ ബംഗ്ലാദേശാണ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചത്. 21 റണ്‍സിനാണ് ബംഗ്ലാ കടുവകളുടെ വിജയം. ടോസ് നേടിയിട്ടും ബംഗ്ലാദേശിനെ ബാറ്റിങിനയച്ച ദക്ഷിണാഫ്രിക്കയുടെ അമിത ആത്മവിശ്വാസം തിരിച്ചടിക്കുകയായിരുന്നു. ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് അടിച്ചെടുത്തു. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

84 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും, 78 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിമും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ ബാറ്റിങിന് അടിത്തറയിട്ടത്. മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചത് സഹായകരമായി. ഓപ്പണിംഗ് വിക്കറ്റിലെ തമിം ഇക്ബാല്‍- സൗമ്യ സര്‍ക്കാര്‍ സഖ്യത്തിന്റെ 60 റണ്‍സ്, 142 റണ്‍സ് കൂട്ടുകെട്ടുമായി ഷാക്കിബ് അല്‍ ഹസ്സന്‍-മുഷ്ഫിഖുര്‍ റഹിം സഖ്യം, മഹ്മൂദുള്ള-മൊസാദേഖ് ഹുസൈന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 66 റണ്‍സ് എന്നിവ വിജയത്തിലേക്കുള്ള പാതയായി. കേള്‍വികേട്ട ദക്ഷിണാഫ്രിക്കന്‍ ബോളേഴ്‌സ് ആന്‍ഡില്‍ പെഹ്ലൂക്വായോ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റണ്‍സ് വാരിക്കോരി വിട്ടുനല്‍കി പരാജയമായി മാറുകയായിരുന്നു.

45 റണ്‍സെടുത്ത എയ്ഡന്‍ മക്രം, 38 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 41 റണ്‍സെടുത്ത വാന്‍ഡര്‍ ഡ്യൂസന്‍, 45 റണ്‍സെടുത്ത ജീന്‍ പോള്‍ ഡുമിനി എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ ഈ ലോകകപ്പില്‍ രണ്ടു തോല്‍വിയോടെ നിരാശയിലായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടായിരുന്നു ആദ്യ തോല്‍വി.

Exit mobile version