സാവോപോളോ: ബലാത്സംഗം ചെയ്തെന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ സ്വകാര്യ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടാണ് നെയ്മറുടെ മറുപടി. തന്റെ ഫേസ്ബുക്ക് പേജിലാണ് നെയ്മര്‍ വീഡിയോ സഹിതം വിശദീകരണം നല്‍കിയത്. നേരത്തെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാനേജ്മെന്റ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
‘ആ യുവതിയുമായുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളും അവരുമായി നടത്തിയ ചാറ്റും ഞാന്‍ തുറന്നുകാണിക്കുകയാണ്. കൂടുതലായി ഒന്നും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കാന്‍ ഇത് ആവശ്യമാണ്. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഏതു തരത്തിലുള്ള ബന്ധം സംഭവിക്കുമോ അതു മാത്രമേ ആ ദിവസവും നടന്നിട്ടുള്ളൂ. എല്ലാ കാമുകീ-കാമുകന്മാര്ക്കുമിടയില് നടക്കുന്ന കാര്യം തന്നെയാണ് അത്. അടുത്ത ദിവസവും തെറ്റായി ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ മെസ്സേജ് അയക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ പേരില്‍ ബലാത്സംഗ ആരോപണമാണ് വന്നിരിക്കുന്നത്. അത് ചെറുതല്ല. ശക്തമായ ഒരു ആരോപണമാണ്. എല്ലാ തരത്തിലും എന്നെ ബാധിക്കുന്ന ഒന്ന്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ ആരോപിക്കുന്നതു പോലെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത്. ഇതു കേള്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുന്നുണ്ട്. എന്നെ അറിയുന്നവര്‍ക്കെല്ലാം എന്റെ സ്വഭാവം അറിയാം. ഞാന്‍ ഇതുപോലെ ഒരു കാര്യം ചെയ്യില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.’ നെയ്മര്‍ നല്കുന്ന വിശദീകരണം ഇങ്ങനെ.
നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. പാരീസിലെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയതെന്നും അക്രമാസക്തനായി തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഇക്കാര്യം നിഷേധിച്ച് നെയ്മറുടെ ഏജന്റും പിതാവുമായി നെയ്മര്‍ സാന്റോസ് രംഗത്തെത്തിയിരുന്നു. തന്റെ മകനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള നീക്കമാണിതെന്നാണ് നെയ്മര്‍ സീനിയറിന്റെ ആരോപണം. മകനെതിരായ ഗൂഢാലോചനയുടെ ഭാഗമാണിത്. നെയ്മറുടെ ഭാഗത്തുനിന്ന് അത്തരമൊരു കാര്യവും ഉണ്ടായിട്ടില്ല. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം-സാന്റോസ് വ്യക്തമാക്കുന്നു.
Discussion about this post