മാഡ്രിഡ്: കളിക്കളത്തില്‍ മത്സരം ചൂടുപിടിക്കുന്നതിനിടെ ആവേശം കെടുത്തി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകര്‍ കളത്തിലേക്ക് പാഞ്ഞുകയറുന്നത് ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഇത്തവണ മാഡ്രിഡിലെ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് കലാശ പോരാട്ടത്തിലും സുരക്ഷാ കവചങ്ങളെ തകര്‍ത്ത് ഒരു യുവതി ഗ്രൗണ്ടിലെത്തി. ശരീരപ്രദര്‍ശനം നടത്തുന്ന സ്വിം സ്യൂട്ട് ധരിച്ചാണ് യുവതി മത്സരം തടസ്സപ്പെടുത്തി ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തിയത്. കറുത്ത വസ്ത്രം ധരിച്ച ഈ സ്ത്രീ കിന്‍സി വൊളന്സ്കിയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ റഷ്യന്‍ സ്വിം സ്യൂട്ട് മോഡലാണ്. വസ്ത്രത്തില്‍ വൈറ്റലി അണ്‍സെന്‍സേര്‍ഡ് എന്ന് എഴുതിയിരുന്നു. റഷ്യയില്‍ നിന്നുള്ള എക്സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തകയാണ് ഇവര്‍. മാഡ്രിഡില്‍ ഇവര്‍ നടത്തിയത് ഒരു പ്രമോഷന് പ്രാങ്ക് ആയിരുന്നു. ഇവരെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. വാശിയേറിയ പോരാട്ടം ഇതോടെ അല്‍പ്പസമയം തടസ്സപ്പെടുകയും ചെയ്തു.
തന്റെ കാമുകനായ പ്രാങ്ക്സ്റ്റെര് വിറ്റലി സൊറൊവെറ്റ്സ്കിയുടെ യൂട്യൂബ് ചാനലിന് വേണ്ടിയുള്ള പ്രമോഷന് വേണ്ടിയാണ് ഈ കിന്‍സി ഈ സാഹസം കാണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2014ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ മത്സരം തടസ്സപ്പെടുത്തി ഗ്രൗണ്ടിലൂടെ ഓടിയതിന് സ്റ്റേഡിയങ്ങളില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന കക്ഷിയാണ് ഈ വിറ്റലി സൊറൊവെറ്റ്സ്കി എന്ന റഷ്യക്കാരന്.
കളിതടസ്സപ്പെടുത്തി ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തിയ കിന്‍സി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം ഫോളോവ്ഴ്സുണ്ടായിരുന്ന കിന്സിയ്ക്ക് ഈ ഓട്ടത്തോടെ ഫോളോവേഴ്സിന്റെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ഫോളോവേഴ്സ് കുമിഞ്ഞുകൂടുകയാണ്.
അതേസമയം ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ ചാമ്പ്യന്മാരായി. മുഹമ്മദ് സലായും ഡീവോക് ഒറിഗിയുമാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്.
Discussion about this post