മാഡ്രിഡ്: ഇംഗ്ലീഷ് കിരീടം കൈവിട്ട ലിവര്‍പൂളിനെ ചേര്‍ത്തുപിടിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം. പ്രീമിയര്‍ ലീഗ് കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ചെമ്പടയെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇത്തവണ ഭാഗ്യം തുണയ്ക്കുകയായിരുന്നു. സെമിയില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയെ തകര്‍ത്ത് ഫൈനലിലെത്തിയ ലിവര്‍പൂള്‍ ഫൈനലില്‍ ടോട്ടനം ഹോട്‌സ്പറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തളച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീടവുമായി ക്ലോപ്പിന്റെ ചെമ്പട കരുത്തുകാണിച്ചു.
മാഡ്രിഡില്‍ നടന്ന ഫൈനലില്‍ നാടകീയതയും വിളയാട്ടമായിരുന്നു. കളി തുടങ്ങി ഒരു മിനിറ്റാകും മുമ്പ് ബോക്‌സിനുള്ളില്‍ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോ കൈ കൊണ്ട് തടുത്തതിനെ ചൊല്ലി ലിവര്‍പൂളിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. വാറിലും വിധി ലിവര്‍പൂളിന് അനുകൂലമായതോടെ പന്തുമായി ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ പെനാല്‍റ്റി കിക്കെടുക്കാന്‍ കുടതിച്ചു. സലായ്ക്ക് പിഴച്ചില്ല. രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ഒരു ഗോളിന് മുന്നില്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ ഗോള്‍. 2005-ല്‍ പൗലോ മാല്‍ദീനി നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്.
ആദ്യഗോള്‍ വീണതോടെ ആക്രമണം നിര്‍ത്തിവെച്ച് പ്രതിരോധത്തിന് ഊന്നല്‍ കൊടുത്താണ് ലിവര്‍പൂള്‍ പിന്നീട് മുന്നോട്ട് നീങ്ങിയത്. അതില്‍ അവര്‍ വിജയം കാണുകയും ചെയ്തു. തെക്കും വടക്കും ഓടിയ ടോട്ടനത്തിന് ഗോള്‍ മാത്രം നേടാനായില്ല. എണ്ണം പറഞ്ഞ രണ്ട് ഷോട്ടുകള്‍ ലിവര്‍പൂളിന്റെ സ്റ്റാര്‍ ഗോളി അലിസണ്‍ ബക്കര്‍ തടുത്തിടുകയും ചെയ്തതോടെ ഇംഗ്ലീഷ് വമ്പന്മാരിലൊരാളായ ടോട്ടനത്തിന് തോല്‍വി വഴങ്ങേണ്ടി വന്നു. ആദ്യ പകുതിയില്‍ 50 ശതമാനത്തിലധികം പന്ത് കാലിലുണ്ടായിട്ടാണ് ടോട്ടനത്തിന് ഈ ദുര്‍ഗതി. ഒരു സമനില ഗോളിനായി പോരാടിയ സോണിന്റേയും കെയ്നിന്റേയും മുന്നേറ്റം വാന്‍ ഡൈക് എന്ന പ്രതിരോധ താരത്തിന് മുന്നില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ടോട്ടനം പരമാവധി ശ്രമിച്ചു. എന്നാല്‍ അപ്പോഴൊക്കെ അലിസണ്‍ തടയിടുകയും ചെയ്തു.
ഒടുവില്‍ മത്സരം തീരാന്‍ മൂന്ന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ ലിവര്‍പൂളിന്റെ വിജയ മധുരം കൂട്ടാന്‍ ഒരു ഗോള്‍ കൂടി കാത്തുവെച്ചിട്ടുണ്ടായിരുന്നു. ഡിവോക്ക് ഒറിഗിയുടെ മനോഹരമായൊരു ഫിനിഷിങ് ലിവര്‍പൂളിന് ഇരട്ടി മധുരമായി. ഫിര്‍മിന്യോയുടെ പകരക്കാരനായി ഒറിഗിയെ പരിശീലകന്‍ ക്ലോപ്പ് കളത്തിലിറക്കിയതിന്റെ ഫലമായിരുന്നു ആ ഗോള്‍. റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡും സല സ്വന്തമാക്കി. ഇതിന് മുമ്പ് റബാഹ് മാജര്‍, സാമുവല്‍ ഏറ്റൂ, ദിദിയര്‍ ദ്രോഗ്ബ, സാദിയോ മാനേ എന്നിവരാണ് ഈ നേട്ടം കൈയ്യടക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്തുകാരനും സല തന്നെയാണ്. 2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഇതിന് മുമ്പ് 1977, 1978, 1981 സീസണുകളിലാണ് ലിവര്‍പൂള്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്.
Discussion about this post