ഓവല്‍: ഏകദിന ലോകകപ്പില്‍ തോല്‍വിക്കിടയിലും ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ആദരവ് ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല. കഴിഞ്ഞദിവസത്തെ മത്സരത്തില്‍ അംല കളത്തിലിറങ്ങിയത് റംസാന്‍ നോമ്പെടുത്ത്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ വെള്ളം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഹാഷിം അംല നിരസിച്ചതോടെയാണ് താരത്തിന് നോമ്പാണെന്ന് ക്രിക്കറ്റ് ആരാധകര്‍ക്കും മനസിലായത്.
മത്സരത്തില്‍ ഹാഷിം അംല 14 റണ്‍സ് എടുക്കുന്നതിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ 144.8 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുവന്ന പന്ത് ബൗണ്‍സ് ചെയ്ത് അംലയുടെ ഹെല്‍മെറ്റില്‍ ഇടിക്കുകയായിരുകന്നു. തുടര്‍ന്ന് പരിക്കേറ്റ താരംഗ്രൗണ്ടില്‍ പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനായി റിട്ടയേഡ് ഹര്‍ട്ടായി മൈതാനം വിടുകയായിരുന്നു.
താരം കളത്തില്‍ വീണുപോയതോടെ സഹതാരങ്ങള്‍ വെള്ളവുമായി ഓടിയെത്തിയെങ്കിലും അംല കുടിവെള്ളം സ്നേഹപൂര്‍വ്വം നിരസിച്ചു. റംസാന്‍ മാസമായതിനാല്‍ നോമ്പെടുത്തായിരുന്നു താരം മത്സരത്തിനിറങ്ങിയത്. മത്സരത്തില്‍ പിന്നീട് എട്ടാമതായി ഇറങ്ങിയ അംല 13 റണ്‍സെടുത്ത് പുറത്താവുകയും ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തു. എങ്കിലും ടീമിന്റെ തോല്‍വിയ്ക്കപ്പുറം താരത്തിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. 312 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 207 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ പേരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും യുവ പേസര്‍ ജോഫ്ര ആര്‍ച്ചറും കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്.